Kottayam Local

നൂറ് ബസ്സുകളുമായി പാലാ കെഎസ്ആര്‍ടിസി ഡിപ്പോ

പാലാ: എല്ലാ റൂട്ടുകളിലേക്കും പുലര്‍ച്ചെ മൂന്ന് മുതല്‍ തുടര്‍ച്ചയായി സര്‍വീസുകള്‍ ക്രമീകരിച്ച് പാലാ കെഎസ്ആര്‍ടിസി ഡിപ്പോ. 100 ബസ്സുകളുള്ള ഡിപ്പോ എന്ന ബഹുമതിയും പാലായ്ക്കു ലഭിച്ചിരിക്കുകയാണ്. ജില്ലാ തലസ്ഥാനത്തിനു പുറത്ത് 100 ബസ്സുകളുള്ള ചുരുക്കം ചില ഡിപ്പോകളില്‍ ഒന്നാവുകയാണ് പാലാ ഡിപ്പോ.
തിരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം പെര്‍മിറ്റ് ലഭിച്ച രണ്ട് സര്‍വീസുകള്‍ ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചതോടെയാണ് പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയ്ക്ക് എല്ലാ റൂട്ടുകളെയും ബന്ധിപ്പിച്ച് സര്‍വീസുകള്‍ ഉണ്ടായത്. ഇതുപ്രകാരം എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തൊടുപുഴ, ഏറ്റുമാനൂര്‍, കോട്ടയം, ഈരാറ്റുപേട്ട, പൊന്‍കുന്നം തുടങ്ങി പാലായില്‍ നിന്ന് ഏതുഭാഗത്തേക്കും പുലര്‍ച്ചെ സര്‍വീസുകള്‍ ഉറപ്പാക്കിയാണ് റൂട്ടുകള്‍ ക്രമീകരിച്ചത്.
പുലര്‍ച്ചെ മൂന്നിന് തൊടുപുഴ, കോഴിക്കോട്, കണ്ണൂര്‍, 3.15ന് ഏറ്റുമാനൂര്‍, എറണാകുളം വഴി കോഴിക്കോട്, 3.45ന് ഉഴവൂര്‍, മോനിപ്പള്ളി, എറണാകുളം വഴി കോഴിക്കോട്, നാലിന് കൊല്ലപ്പള്ളി, രാമപുരം, കൂത്താട്ടുകുളം വഴി എറണാകുളം, പുലര്‍ച്ചെ നാലിന് കോട്ടയം-മാവേലിക്കര-കൊല്ലം-ടെക്‌നോപാര്‍ക്ക് വഴി തിരുവനന്തപുരം, നാലിന് പൊന്‍കുന്നം-മുണ്ടക്കയം വഴി കോരുത്തോട്,
4.15ന് തൊടുപുഴ-എറണാകുളം വഴി കോഴിക്കോട്, അഞ്ചിന് ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി മുണ്ടക്കയം വഴി ഇളംകാട് എന്നിങ്ങനെയാണ് സര്‍വീസുകള്‍ ഉള്ളത്. അഞ്ച് വര്‍ഷം മുമ്പ് 76 ഷെഡ്യൂളുകള്‍ മാത്രമുള്ള പാലാ ഡിപ്പോയില്‍ 100 ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ എല്ലാ ഭാഗത്തേക്കും തിരിച്ചും യാത്രാസൗകര്യം ലഭ്യമാക്കിയത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. പുതുതായി 24 പുതിയ സര്‍വീസുകള്‍ ആരംഭിച്ച ഏക ഡിപ്പോയും പാലായാണ്. ഈ പുതിയ സര്‍വീസുകള്‍ക്കെല്ലാം പുതിയ ബസുകളാണ് ലഭിച്ചിട്ടുള്ളത്.
നിര്‍ദിഷ്ട ഡീസല്‍ വാഹന നിരോധന ചട്ടം മൂലം 10 വര്‍ഷത്തിലധികമുള്ള വാഹനങ്ങള്‍ പിന്‍വലിക്കപ്പെട്ടാലും ഏറ്റവും കൂടുതല്‍ പുതിയ ബസ്സുകളുള്ള പാലാ ഡിപ്പോയ്ക്ക് എല്ലാ സര്‍വീസുകളും മുടക്കം കൂടാതെ നിലനിര്‍ത്താന്‍ കഴിയും. പാലാ ഡിപ്പോയിലെ ഭൂരിപക്ഷം ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ഒരു വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളവയാണ്. പുലര്‍ച്ചെ സര്‍വീസുകള്‍ ആരംഭിച്ചത് വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും പോവുന്നവര്‍ക്കു വളരെ സഹായകരമാവുകയാണ്.
Next Story

RELATED STORIES

Share it