Alappuzha local

നൂറ്റൊന്നിന്റെ നിറവിലും വോട്ടുചെയ്യാനുറച്ച് റാഹേല്‍

ആലപ്പുഴ: നൂറ്റൊന്നു വയസ്സു തികഞ്ഞ റേച്ചല്‍ അഗസ്റ്റിന്‍ എന്ന റാഹേല്‍ അമ്മച്ചിയെത്തേടി തുമ്പോളിയിലെ ഒതളശ്ശേരില്‍ വീട്ടില്‍ ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍. വോട്ട് ചെയ്യാന്‍ മനസുകൊണ്ട് തയ്യാറെടുത്തിരിക്കുന്ന അമ്മച്ചിക്ക് ആദരവ് അര്‍പ്പിക്കാനും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരഞ്ഞെടുപ്പ് വിഭാഗവുമായി ചേര്‍ന്ന് വോട്ടിങ് യന്ത്രം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായുമാണ് ജില്ലാ കലക്ടര്‍ വീട്ടിലെത്തിയത്.
ആദ്യം വോട്ട് ചെയ്തത് തുമ്പോളി സ്‌കൂളിലായിരുന്നെന്ന് റാഹേലമ്മച്ചി പറഞ്ഞു. പുതിയ വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ വിശദീകരിച്ചു. നഗരസഭയായതിനാല്‍ ഒരു വോട്ട് ചെയ്താല്‍ മതിയെന്ന് കലക്ടര്‍ പറഞ്ഞപ്പോള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ഗ്രാമപ്പഞ്ചായത്തില്‍ ഉപയോഗിക്കുന്ന പുതിയ വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനവും അമ്മച്ചിയെ പരിചയപ്പെടുത്തി. ബാലറ്റ് യൂനിറ്റിലെ ബട്ടണില്‍ വിരലമര്‍ത്തി വോട്ട് ചെയ്യുകയും ചെയ്തു.
ഈ പ്രായത്തിലും വോട്ടുചെയ്യാന്‍ റാഹേലമ്മച്ചി കാട്ടുന്ന ഉല്‍സാഹം യുവാക്കള്‍ കാണണമെന്നും ആരും വോട്ടവകാശം പാഴാക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, അസിസ്റ്റന്റ് എഡിറ്റര്‍ എ അരുണ്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ എസ് സുമേഷ്, ഐ.ടി. കോ-ഓഡിനേറ്റര്‍ എസ് ഷിബു ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it