kozhikode local

നൂറോളം ബൂത്ത് പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി ജനറല്‍ സെക്രട് എന്‍ സുബ്രഹ്മണ്യനെ സ്ഥാനാര്‍ഥിയാക്കാനുള്ള എഐസിസി തീരുമാനത്തിനെതിരെയാണ് പൊട്ടിത്തെറിയുണ്ടായത്. സുബ്രഹ്മണ്യന് പകരം അഡ്വ. കെ അനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വി സുധാകരന്റെ ശ്രമം വിഫലമായി. പ്രകടനത്തിന് മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ശ്രീജറാണി, യു വി മനോജ്, രാജന്‍, സതീഷന്‍, ചിത്ര, വിജേഷ്, ബാബു, മനോജ് കണ്ടോത്ത് നേതൃത്വം നല്‍കി.
നൂറിലധികം ബൂത്ത് പ്രസിഡന്റുമാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റിന് നിരവധി പേര്‍ പരാതികളുമയച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്ന നേതാവാണ് അഡ്വ. കെ പി അനില്‍കുമാറെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയ മട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പറഞ്ഞു. വോട്ടര്‍മാരുടെ ഇടയില്‍ സുപരിചിതനായി മാറിയ അനില്‍കുമാറിനെ മാറ്റി കൊയിലാണ്ടിയെ കോണ്‍ഗ്രസിന്റെ വെളിയംപറമ്പാക്കി മാറ്റിയിരിക്കയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കെ പി അനില്‍കുമാറിന് വേണ്ടി വാദിക്കുന്നത് എ ഗ്രൂപ്പും സുധീരന്‍ ഗ്രൂപ്പും ഒരുമിച്ചാണെന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ സീറ്റ് ഒരിക്കലും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ലീഡര്‍ കെ കരുണാകരന്റെ കാലം മുതല്‍ ഐ ഗ്രൂപ്പുകാര്‍ മാത്രം മല്‍സരിച്ച കൊയിലാണ്ടിയില്‍ അതുകൊണ്ടു തന്നെ സീറ്റിന് വേണ്ടി അനില്‍കുമാര്‍ വാദിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്നു. കൊയിലാണ്ടിയില്‍ നിന്ന് മല്‍സരിച്ച് വിജയിച്ച എം ടി പത്മയും അഡ്വ. പി ശങ്കരനും കൊയിലാണ്ടിക്കാരല്ലാതിരുന്നിട്ടും വന്‍ ഭൂരിപക്ഷത്തിന് ജയിച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ഔദ്യോഗികപ്രഖ്യാപനം വരുന്നതോടെ കെട്ടടങ്ങുമെന്നും ഐഗ്രൂപ്പുകാര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it