നൂറുദ്ദീന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ സൗമ്യമുഖം

 കണ്ണൂര്‍: ദീര്‍ഘകാലം അധികാര രാഷ്ട്രീയത്തോടൊപ്പമുണ്ടായ പൊതുപ്രവര്‍ത്തകനാണ് കെ പി നൂറുദ്ദീന്‍. എന്നാല്‍, ഒരിക്കല്‍പോലും അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തിന് മേല്‍ ആരോപണം ഉന്നയിച്ചില്ല. വനം, കായിക മന്ത്രിയായി കരുണാകരന്‍ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച നൂറുദ്ദീന്‍ 1977മുതല്‍ 1996വരെ പേരാവൂര്‍ മണ്ഡലത്തിന്റെ എംഎല്‍എയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എ ഗ്രൂപ്പിന്റെ ശക്തനായ നേതാവും കെ പി നൂറുദ്ദീനായിരുന്നു. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും മരണംവരെ കര്‍മനിരതനായിരുന്നു അദ്ദേഹം. ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.  പേരാവൂര്‍ മണ്ഡലം രൂപീകൃതമായ 1977ല്‍ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു തന്റെ 38ാമത്തെ വയസ്സില്‍ കെ പി നൂറുദ്ദീന്‍ എംഎല്‍എയായത്. 1980, 1982, 1987,1991 തിരഞ്ഞെടുപ്പിലും മലയോര ജനത തങ്ങളുടെ പ്രതിനിധിയായി തിരുവനന്തപുരത്തേക്കയച്ചത് കെ പി നൂറുദ്ദീനെയായിരുന്നു. 1996ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്സിലെ കെ ടി കുഞ്ഞുമുഹമ്മദിനോട് ചെറിയ വ്യത്യാസത്തിന് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങേണ്ടിവന്ന കെ പി പിന്നീട് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല. സ്ഥാനമാനങ്ങള്‍ക്കും സമ്പത്തിനും വേണ്ടി ഉചിതമല്ലാത്ത മാര്‍ഗത്തിലൂടെ പോവുന്നത് അപകരടരമാണെന്ന് അദ്ദേഹം പലപ്പോഴും സഹപ്രവര്‍ത്തകര്‍ പങ്കെടുത്ത പലചടങ്ങിലും ഓര്‍മിപ്പിച്ചിരുന്നു.  എന്റെ രാഷ്ട്രീയ ജീവിതം എന്ന ആത്മകഥാംശമുള്ള ഓര്‍മക്കുറിപ്പും രചിച്ചിട്ടുണ്ട്.   ഇതില്‍ ഓത്തുപള്ളിയില്‍നിന്ന് മന്ത്രിപദം വരെ എത്തിച്ചേര്‍ന്നതിന്റെ നേരക്ഷരമാണ് തെളിയുന്നത്. പട്ടിണി കിടന്ന്, കാല്‍നടയായി സഞ്ചരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആദ്യകാലവും ഇടതുപക്ഷത്തിന്റെ ഇതിഹാസഭൂമിയില്‍ പരീക്ഷിക്കപ്പെട്ട യൗവനം, സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ട് ബോര്‍ഡും ബാനറും തയ്യാറായ ശേഷം കൈയില്‍നിന്ന് സ്ഥാനാര്‍ഥിത്വം തെറിച്ചുപോയ സാഹചര്യം തുടങ്ങിയവയൊക്കെ ആത്മകഥയില്‍ വായിച്ചെടുക്കാം.
Next Story

RELATED STORIES

Share it