thiruvananthapuram local

നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി വിധി കര്‍ത്താവ് സ്ഥലം വിട്ടു; ആജീവനാന്ത വിലക്ക്

കെപിഒ റഹ്മത്തുല്ല

തിരുവനന്തപുരം: കലോല്‍സവ ചരിത്രത്തില്‍ മല്‍സരത്തിനിടെ മാര്‍ക്ക് തിരിമറിയുടെ പേരില്‍ വിധി കര്‍ത്താവ് പിടിയിലായി. ശനിയാഴ്ച രാത്രി അവസാനിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം തബല മല്‍സരത്തിലെ വിധികര്‍ത്താക്കളില്‍ ഒരാളായ പി ശ്രീഹരിയാണ് കയ്യോടെ പിടിക്കപ്പെട്ടത്.
ഒന്നാം സ്ഥാനം നേ ടിയ തൃശൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷാഹിര്‍ പി നസീറിന് മുഴുവന്‍ മാര്‍ക്കും നല്‍കിയതായി വിജിലന്‍സ് സംഘം കണ്ടെത്തുകയായിരുന്നു. അസാധാരണ പ്രകടനം വേദിയി ല്‍ കാഴ്ച വച്ചാല്‍ പോലും കലാമല്‍സരത്തില്‍ 90നു താഴെ മാര്‍ക്കേ നല്‍കാറുള്ളൂ. ചെന്നൈ ആകാശവാണിയിലെ തബല ആര്‍ട്ടിസ്റ്റായ ശ്രീഹരി ഇതാദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വിധിനിര്‍ണയത്തിന് എത്തുന്നത്. ആദ്യം ഇയാള്‍ നസീറിന് 80 മാര്‍ക്കാണ് നല്‍കയത്. പിന്നീട് നാലുതവണ തിരുത്തിയാണ് മാര്‍ക്ക് 100 ആക്കിയത്. ഇതുപോലെ തന്നെ ആദ്യം ഉയര്‍ന്ന മാര്‍ക്ക് നല്‍കിയ എട്ടുപേര്‍ക്ക് പിന്നീട് വളരെ കുറച്ച് മാര്‍ക്കും നല്‍കി.
വിജിലന്‍സിന്റെ റിപോര്‍ട്ട് പ്രകാരം പൊതുവിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍ എം എസ് ജയയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിന് മാര്‍ക്ക്‌ലിസ്റ്റ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ശ്രീഹരിക്ക് സ്‌കൂള്‍ കലോല്‍സവത്തില്‍ വിദ്യഭ്യാസ വകുപ്പ് ആജീവനാന്ത വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലേക്ക് ആരോടും പറയാതെ സ്ഥലം വിടുകയായിരുന്നു.
ശ്രീഹരിയുടെ വിധി നിര്‍ണയം പൂര്‍ണമായും റദ്ദാക്കി മറ്റു രണ്ടു പേരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. അതോടെ നേരത്തെ നാലാം സ്ഥാനം ലഭിച്ചിരുന്ന മൂത്തുകുന്നം എസ്എന്‍എം എച്ച്എസ്എസിലെ കെ ഗോകുല്‍ സായി മൂന്നാം സ്ഥാനത്തെത്തി.
മൂന്നാം സ്ഥാനക്കാരനായിരുന്ന ചാത്തന്നൂര്‍ ജിഎച്ച്എസ്എസ് രവി വേണുഗോപാലന്‍ നാലാം സ്ഥാനക്കാരനുമായി. മല്‍സരത്തിലെ 16 പേരില്‍ നേരത്തെ അഞ്ചുപേര്‍ സി ഗ്രേഡുകാരായിരുന്നു. അതിപ്പോള്‍ എ ഗ്രേഡായി മാറിയിട്ടുണ്ട്. ഒരാള്‍ക്ക് മാത്രമാണ് സി ഗ്രേഡുള്ളത്. ബി ഗ്രേഡുണ്ടായിരുന്ന നാലു പേര്‍ എ ഗ്രേഡുകാരാവുകയും ചെയ്തു. വിധി കര്‍ത്താക്കളില്‍ 40 പേര്‍ കോഴ ആരോപണവുമായി ബന്ധമുള്ളതായി വിദ്യഭ്യാസ വകുപ്പിന് രേഖാമൂലം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി നിര്‍ണയത്തിനിടെ വിജിലന്‍സ് എല്ലാ വേദികളിലും പരിശോധന നടത്തിയത്. അധിക പരാതിയിലും കഴമ്പുള്ളതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it