നീലപ്പട ലിവര്‍പൂളില്‍ മുങ്ങി

ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ കോച്ച് ജോസ് മൊറീ ഞ്ഞോ ചെല്‍സി പരിശീലകസ്ഥാനത്തു നിന്ന് പുറത്തേക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ഗ്ലാമര്‍ പോരില്‍ ചെല്‍സി 1-3ന് ലിവര്‍പൂളിനോട് തകര്‍ന്നതോടെയാണ് മൊറീഞ്ഞോയുടെ ഭാവി അവതാളത്തിലായത്.
ഇരട്ടഗോളുകള്‍ നേടിയ ബ്രസീലിയന്‍ പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീഞ്ഞോയാണ് ലിവര്‍പൂളിന്റെ ഹീറോ. കണ്ണഞ്ചപ്പിക്കുന്ന ഷോട്ടുകളിലൂടെയാണ് താരം രണ്ടു ഗോളും നേടിയത്. മൂന്നാം ഗോള്‍ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യന്‍ ബെന്‍ടെക്കെയുടെ വകയായിരുന്നു.റമിരസാണ് ചെല്‍സിയുടെ ആശ്വാസഗോളിന് അവകാശിയായത്.
പരിശീലകസ്ഥാനം നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന മൊറീഞ്ഞോയ്ക്ക് ലിവര്‍പൂളിന്റെ മാസ്മരിക ഫുട്‌ബോളിനു മുന്നില്‍ അടിതെറ്റുകയായിരുന്നു. പുതിയ കോച്ച് യുര്‍ഗന്‍ ക്ലോപ്പിനു കീഴില്‍ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.
സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലൂസിന്റെ പതനം. മൊറീഞ്ഞോയെയും ആരാധകരെയും ആവേശത്തിലാക്കി നാലാം മിനിറ്റില്‍ത്തന്നെ റമിരസിന്റെ ഗോളില്‍ ചെല്‍സിയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ ഇടതടവില്ലാതെ ആക്രമിച്ചു കളിച്ച റെഡ്‌സ് ചെല്‍സിയെ മുള്‍മുനയില്‍ നി ര്‍ത്തി. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂള്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്.
Next Story

RELATED STORIES

Share it