wayanad local

നീലഗിരി ജില്ലയില്‍ പോളിങ് ശതമാനം കുറഞ്ഞു

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ 70.53 ശതമാനം പോളിങ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണിത്. ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍ നിയോജക മണ്ഡലങ്ങളിലായി 31 പേരാണ് ജനവിധി തേടിയത്. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ പി ശങ്കര്‍ ഊട്ടി സെന്റ് ജോസഫ്‌സ് കോളജില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഡിഎംകെ ഗൂഡല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എം ദ്രാവിഡമണി പന്തല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 124ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. എഐഎഡിഎംകെ ഗൂഡല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കലൈശെല്‍വന്‍ കുന്നൂര്‍ കറന്‍സി സ്‌കൂളിലും സിപിഎം സ്ഥാനാര്‍ഥി പി തമിഴ്മണി കല്ലിച്ചാല്‍ ജിടിആര്‍ സ്‌കൂളിലും ബിജെപി സ്ഥാനാര്‍ഥി അഡ്വ. പരശുരാമന്‍ ഗൂഡല്ലൂര്‍ സ്‌കൂളിലും സമ്മതിദാനാവകാശം വിനിയോഗിച്ചു. 2011ല്‍ നീലഗിരി ജില്ലയില്‍ 71.94 ശതമാനമായിരുന്നു പോളിങ്. 2011ല്‍ ഊട്ടി മണ്ഡലത്തില്‍ 71.29 ശതമാനവും കുന്നൂരില്‍ 73.21 ശതമാനവും ഗൂഡല്ലൂരില്‍ 73.26 ശതമാനവും വോട്ടര്‍മാരെത്തിയിരുന്നു.
മുതുമല പോളിങ് ബൂത്തില്‍ ഇന്നലെ രാവിലെ ഒമ്പതു വരെ ആരും വോട്ട് ചെയ്യാനെത്തിയില്ല. ചിലയിടങ്ങളില്‍ രാവിലെ പോളിങ് മന്ദഗതിയിലായിരുന്നുവെങ്കിലും പിന്നീട് കൂടി. പ്രായംചെന്നവരെ വാഹനത്തില്‍ കൊണ്ടുവന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യിച്ചത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മല്‍സരമാണ് നടന്നത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവര്‍ഷോല, പാടന്തറ, മസിനഗുഡി, ചേരമ്പാടി, ദേവാല, എരുമാട്, പാക്കണ തുടങ്ങിയ സ്ഥലങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ 61.58 ശതമാനമായിരുന്നു പോളിങ്. ഊട്ടി മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 41 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണിവരെ 42.10 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 19നാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it