നീറ്റ്: നിര്‍ണായക തീരുമാനം തിങ്കളാഴ്ച; സംസ്ഥാനങ്ങള്‍ക്ക് ഇളവുനല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്റല്‍ കോളജ് പ്രവേശനത്തിനു സ്വന്തമായി പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവു നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) സുപ്രിംകോടതിയില്‍. വിഷയത്തില്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ലഭിച്ചശേഷം തീരുമാനമെടുക്കും.
എംസിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങാണ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്. സ്വന്തം നിലയ്ക്ക് പ്രവേശനപ്പരീക്ഷ നടത്താന്‍ സ്വകാര്യ കോളജുകളെ അനുവദിക്കരുതെന്നും അവര്‍ ഏകീകൃത പരീക്ഷയായ നീറ്റ് പിന്തുടരണമെന്നും കൗണ്‍സില്‍ അറിയിച്ചു. ഈ നിലപാട് ശരിവയ്ക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, ശിവകീര്‍ത്തി സിങ്, എ കെ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
സ്വകാര്യ കോളജുകള്‍, അസോസിയേഷനുകള്‍, കല്‍പിത സര്‍വകലാശാലകള്‍ എന്നിവയുടെ മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ അനുവദിക്കില്ലെന്ന് കോടതി ഇന്നലെയും ആവര്‍ത്തിച്ചു. ഇവര്‍ക്കും ഏകീകൃത പരീക്ഷ ബാധകമാണ്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിലപാടെടുക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ഇതിനായി സാവകാശം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇതിനായി തിങ്കളാഴ്ച വരെ സമയമനുവദിച്ചു.
മെയ് ഒന്നിനു നടന്ന നീറ്റ് ഒന്നാംഘട്ട പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ജൂലൈ 24ന് നിശ്ചയിച്ച രണ്ടാംഘട്ടത്തിലും അവസരം നല്‍കണമോ എന്ന കാര്യത്തിലും നിലപാട് അറിയിക്കുമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it