നീറ്റ് ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഇത്തവണ ബാധകമാക്കില്ലെന്ന ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. സ്‌റ്റേ വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ പ്രഫുല്ല സി പാന്ത്, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. വേനലവധിക്കു ശേഷം കൂടുതല്‍ വാദംകേള്‍ക്കും.
എംബിബിഎസ്, ബിഡിഎസ് ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനം നീറ്റ് വഴി മാത്രമേ നടത്താവൂയെന്ന് കഴിഞ്ഞമാസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതു ഭാഗികമായി മറികടക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തു.
ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി വ്യാപം കുംഭകോണം പുറത്തുകൊണ്ടുവന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ആനന്ദ് റായി ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന് എതിരാണ് ഓര്‍ഡിനന്‍സ് എന്നും സംസ്ഥാന പ്രവേശനപ്പരീക്ഷകളിലെ അഴിമതിക്ക് കാരണമാവുമെന്നും റായി ബോധിപ്പിച്ചു. എന്നാല്‍, ഹരജിയെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി എതിര്‍ത്തു. സംസ്ഥാനതലത്തില്‍ പ്രവേശനപ്പരീക്ഷ നടന്ന തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. ഇതുസംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും സര്‍ക്കാര്‍ സീറ്റിലെ പ്രവേശനത്തിനു മാത്രമാണ് ഓര്‍ഡിനന്‍സ് എന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്ക് ജൂലൈ ആദ്യവാരം ചീഫ് ജസ്റ്റിസ് മുമ്പാകെ ഇക്കാര്യം ബോധിപ്പിക്കാമെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it