നീറ്റില്‍ ഭേദഗതിയില്ല; ആദ്യഘട്ടം ഇന്ന്

ന്യൂഡല്‍ഹി: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയുടെ (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) ആദ്യഘട്ടം ഇന്നു നടക്കും. ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയും സുപ്രിംകോടതി തള്ളി.
കോടതി ഇന്നലെ അവധിയായിരുന്നെങ്കിലും ഡല്‍ഹിയിലെ വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കാന്‍ ചേര്‍ന്ന ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് നീറ്റ് പരീക്ഷാ വിഷയവും പരിഗണിച്ചത്. ഏകീകൃത പ്രവേശനപ്പരീക്ഷയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ച മറ്റൊരു ബെഞ്ചിന്റെ ഉത്തരവില്‍ മാറ്റം വരുത്താന്‍ മൂന്നംഗ ബെഞ്ച് സന്നദ്ധമായില്ലെന്നു മാത്രമല്ല, കേസില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. സിബിഎസ്ഇ സിലബസും കേരള സിലബസും വ്യത്യസ്തമാണെന്നും പരീക്ഷയ്‌ക്കൊരുങ്ങാന്‍ ആവശ്യമായ സമയമില്ലെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ഹരജി.
വിഷയം സാധാരണഗതിയില്‍ പരിഗണിക്കാമെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച തീരുമാനം നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ പ്രവേശനപ്പരീക്ഷയുടെ ആദ്യഘട്ടം ഇന്നും രണ്ടാംഘട്ടം ജൂലൈ 24നും നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായി.
ആറരലക്ഷം പേര്‍ ആദ്യഘട്ട പരീക്ഷയെഴുതുമെന്നാണു പ്രതീക്ഷ. ജൂലൈ 24നു നടക്കുന്ന പരീക്ഷയ്ക്കായി രണ്ടരലക്ഷം വിദ്യാര്‍ഥികളെത്തും. ആഗസ്ത് 17ന് ഫലപ്രഖ്യാപനമുണ്ടാവും. സപ്തംബര്‍ 30നാണ് ഏകീകൃത പ്രവേശന നടപടികള്‍.
Next Story

RELATED STORIES

Share it