നീറ്റിനെതിരായ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശനപ്പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ചാവും വാദം കേള്‍ക്കുക.
ജമ്മുകശ്മീര്‍, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളും കര്‍ണാടകയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളും നല്‍കിയ ഹരജികള്‍ ഇന്നു പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നലെ അറിയിച്ചു. സംസ്ഥാനത്തിനു പ്രത്യേക പദവിയുള്ളതിനാല്‍ ദേശീയതലത്തിലുള്ള ഏകീകൃത പ്രവേശനപ്പരീക്ഷയില്‍ (നീറ്റ്) നിന്നു മാറ്റിനിര്‍ത്തണമെന്ന് ജമ്മുകശ്മീരിനു വേണ്ടി അഭിഭാഷകന്‍ സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
നീറ്റിന് പുറമേ ഈ വര്‍ഷം തങ്ങളുടെ പ്രവേശനപ്പരീക്ഷയും നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കുവേണ്ടി അഭിഭാഷകന്‍ വേണുഗോപാല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ആന്ധ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരും സമാനമായ അപേക്ഷയാണു നല്‍കിയത്. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്തണമെന്ന് ഇക്കഴിഞ്ഞ 29നായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടത്.
ഇതുപ്രകാരം രാജ്യവ്യാപകമായി മെയ് ഒന്നിന് ഒന്നാംഘട്ട പരീക്ഷ നടന്നു. ആറുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഹാജരായി. 6,67 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും ഇതില്‍ എട്ടുശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഹാജരാവാതിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും കൗണ്‍സലിങിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുന്നതുവരെ ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ കമ്മിറ്റിക്ക് സുപ്രിംകോടതി രൂപംനല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it