ernakulam local

നീര്‍മേല്‍ കോളനി നിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

കോലഞ്ചേരി: കുടിവെളളം കിട്ടാക്കനിയായ പുത്തന്‍കുരിശ് പഞ്ചായത്തിലെ നീര്‍മേല്‍ കോളനി നിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു.
പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പെടുന്ന നീര്‍മേല്‍ ഹരിജന്‍ കോളനിയിലെ 38 കുടുംബങ്ങളാണ് സംയുക്തമായി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. പ്രദേശവാസികള്‍ക്ക് ആശ്രയമായിരുന്ന രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി ഉപയോഗ ശൂന്യമായിട്ടും തിരിഞ്ഞു നോക്കാത്ത ജന പ്രതിനിധികളോടുള്ള പ്രതിഷേധ സൂചകമായാണ് നാട്ടുകാരുടെ തീരുമാനം. 2006-07 കാലഘട്ടത്തിലാണ് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി സ്ഥാപിച്ചത്. കോളനിയില്‍ കുഴല്‍കിണര്‍ കുത്തി മോട്ടോറും ടാങ്കും സ്ഥാപിച്ചായിരുന്നു പദ്ധതി.
നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ഗുണഭോക്തൃകമ്മിറ്റി ജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് പദ്ധതിയുടെ വൈദ്യുതി ബില്ലടക്കം അടച്ചിരുന്നത്.
എന്നാല്‍ രണ്ട് വര്‍ഷമായി ചെളിയും തുരുമ്പും കലര്‍ന്ന വെള്ളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
പഴയ രീതിയിലുള്ള പൈപ്പുകളും മറ്റുമാണ് പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ കാലപ്പഴക്കം മൂലം ഇവ നശിച്ചതാണ് ഇതിന് കാരണമായി നാട്ടുകാര്‍ പറയുന്നത്. ശുദ്ധജലം ലഭിക്കാതായതോടെ പരാതിയുമായി വിവിധ കേന്ദ്രങ്ങളില്‍ എത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
വാര്‍ഡ് മെംബര്‍ അടക്കമുള്ള ജനപ്രതിനിധികളും തങ്ങളെ അവഗണിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് ഇവിടുത്തുകാര്‍ പറയുന്നു.
കൊച്ചിന്‍ റിഫൈനറി പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ഇവര്‍ക്ക് കുടിവെള്ളത്തിനായി കിലോമീറ്ററോളം കാല്‍നടയായി പോവേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കാനായി വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it