Flash News

നീന്താനിറങ്ങുന്നവര്‍ സൂക്ഷിക്കുക; ജെല്ലിഫിഷ് ചുറ്റിനുമുണ്ട്

ദോഹ: ചൂട് കുറഞ്ഞതോടെ ഖത്തറില്‍ ഔട്ട്‌ഡോര്‍ വിനോദങ്ങള്‍ക്കിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കടലില്‍ നീന്താനിറങ്ങുന്നവര്‍ക്ക് ജെല്ലിഫിഷ് മുന്നറിയിപ്പ്. കരയോട് ചേര്‍ന്നു നീന്തുന്ന ജെല്ലിഫിഷുകള്‍ കാണാന്‍ സാധു ജീവിയാണെങ്കിലും അവയുടെ കുത്തേറ്റാലുള്ള വേദന അസഹനീയമാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു.
ജെല്ലിഫിഷുകള്‍ സാധാരണ ഗതിയില്‍ ഇങ്ങോട്ടു വന്ന് മനുഷ്യരെ ആക്രമിക്കില്ല. എന്നാല്‍, ജലോപരിതലത്തില്‍ നീന്തുന്ന ഇവയുടെ ശരീരം സുതാര്യമായതിനാല്‍ കാണാന്‍ പ്രയാസമായിരിക്കും. നീന്താനിറങ്ങുന്നവര്‍ അറിയാതെ അങ്ങോട്ടു ചെന്നു മുട്ടിയാലാണ് കുത്തേല്‍ക്കുകയെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്‍വയേണ്‍മെന്റല്‍ സ്റ്റസീഡ് സെന്റര്‍(ഇഎസ്‌സി) മറൈന്‍ ബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇബ്‌റാഹിം അല്‍മസ്‌ലമാനി പറഞ്ഞു. ജെല്ലിഫിഷുകളുടെ കുത്തേല്‍ക്കുന്ന സംഭവം വ്യാപകമായതോടെ ദോഹയിലെ പല ഹോട്ടലുകളിലും ഇതിനെക്കുറിച്ച് മുന്നറിയിപ്പ് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഖത്തറില്‍ തണുപ്പ് കാലത്ത് ചൂടു കാലത്തെ അപേക്ഷിച്ച് ജെല്ലിഫിഷുകളുടെ എണ്ണം കുറവായിരിക്കുമെന്ന് അല്‍മസ്‌ലമാനി പറഞ്ഞു. കരയോട് ചേര്‍ന്ന ഭാഗത്തെ വെള്ളത്തിന്റെ ചൂട് കൂടുന്നതാണ് ഇതിനു കാരണം.
ജെല്ലിഫിഷിന്റെ നാരുകളില്‍ അടങ്ങിയിരിക്കുന്ന വിഷം കുത്തുമ്പോള്‍ പുറന്തള്ളുന്നതിനാലാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. കുത്തലിന്റെ തീവ്രത അനുസരിച്ച് മണിക്കൂറുകള്‍ മുതല്‍ ആഴ്ചകള്‍ വരെ വേദന നിലനില്‍ക്കാം. ഖത്തറിലുള്ള ജെല്ലിഫിഷുകള്‍ ഇതുവരെ മരണ കാരണമായിട്ടില്ലെന്ന് അല്‍മസ്‌ലമാനി പറഞ്ഞു. എന്നാല്‍, ആസ്‌ത്രേലിയ പോലുള്ള രാജ്യങ്ങളില്‍ കാണുന്ന ജെല്ലിഫിഷുകളില്‍ ഹൃദയത്തെയും നാഡീ വ്യവസ്ഥയെയും ബാധിക്കുന്ന വിഷമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കുത്തേറ്റാല്‍ ഉടനെ തന്നെ വിനാഗിരി പുരട്ടുകയോ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയോ ചെയ്യണമെന്ന് അല്‍മസ്‌ലമാനി ഉപദേശിച്ചു. ജെല്ലിഫിഷിന്റെ വിഷത്തിന് മൂത്രം പ്രയോജനപ്രദമാണെന്ന പൊതുവിശ്വാസമുണ്ടെങ്കിലും അതിന് ശാസ്ത്രീയമായ തെളിവില്ല. കടല്‍വെള്ളരിയുടെ നാരുകള്‍ ഇതിനു നല്ലൊരു ഔഷധമാണ്. ഡൈവിങ് സ്യൂട്ടുകള്‍ ധരിച്ചാല്‍ ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാവുന്നതാണ്. ചത്ത ജെല്ലിഫിഷുകളും വിഷം പുറത്തുവിടാമെന്നതിനാല്‍ അവയെ തൊടുന്നത് ഒഴിവാക്കണമെന്നും അല്‍മസ്‌ലമാനി ഉപദേശിച്ചു.
Next Story

RELATED STORIES

Share it