നീതി ലഭിച്ചില്ല; പിഴത്തുക ആഗ്രഹിക്കുന്നില്ല: ചന്ദ്രബോസിന്റെ കുടുംബം

തൃശൂര്‍: നിസാമിന് വധശിക്ഷയായിരുന്നു നല്‍കേണ്ടിയിരുന്നതെന്ന് ചന്ദ്രബോസിന്റെ കുടുംബം. പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്നും പിഴത്തുക ആഗ്രഹിക്കുന്നില്ലെന്നും ചന്ദ്രബോസിന്റെ മാതാവ് അംബുജം പറഞ്ഞു.
ഉന്നതങ്ങളില്‍ സ്വാധീനമുള്ളതിനാല്‍ ജയിലിലും സുഖവാസം തന്നെ ഇയാള്‍ക്കു കിട്ടുമെന്നു വിധി കേട്ടു പുറത്തിറങ്ങിയ ശേഷം ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പറഞ്ഞു. അതുകൊണ്ട് വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും അവര്‍ പറഞ്ഞു. പണമോ സമ്പത്തോ തങ്ങള്‍ക്കു വേണ്ട. നിസാമിന് അര്‍ഹിച്ച ശിക്ഷ ലഭിച്ചാല്‍ മതിയായിരുന്നുവെന്നും ജമന്തി പറഞ്ഞു. ജീവനു വിലയില്ലെന്നതാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും എടുത്ത കഷ്ടപ്പാടിന് അര്‍ഹിച്ച ഫലം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
നിസാമിന് വധശിക്ഷ നല്‍കേണ്ടിയിരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡെപ്യൂട്ടി ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫലി പറഞ്ഞു.
അതേസമയം, നിസാമിനുണ്ടായ പ്രശ്‌നങ്ങളെ ആരും പരിഗണിച്ചില്ലെന്ന് നിസാമിന്റെ ഇളയച്ഛന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ചന്ദ്രബോസുമായുണ്ടായ സംഘര്‍ഷത്തിനിടെ നിസാമിനും പരിക്കേറ്റിരുന്നു. നിസാമിനുണ്ടായ പരിക്കുകള്‍ ആരും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി ഇതുതന്നെയാവുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ചന്ദ്രബോസ് മരിച്ചത്. അതുകൊണ്ടുതന്നെ കൊലക്കുറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നിസാമില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it