wayanad local

നീതി ദന്തഗോപുരങ്ങളില്‍ നിന്ന് വീട്ടുപടിക്കലെത്തണം: ജസ്റ്റിസ് രാധാകൃഷ്ണന്‍

കല്‍പ്പറ്റ: ദന്തഗോപുരങ്ങളില്‍ നിന്നു നീതി വീട്ടുപടിക്കലെത്തണമെന്ന് ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍. വൈത്തിരിയില്‍ മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയ (ഗ്രാമ കോടതി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കണം.
ഓരോ വ്യക്തിക്കും ആവശ്യമായ സമയത്തും സ്ഥലത്തും നീതി ലഭിക്കണം. വൈകി ലഭിക്കുന്ന നീതി ഒരാളുടെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ പര്യാപ്തമല്ല. ഭാരതീയ സങ്കല്‍പ്പത്തില്‍ നീതിദേവത കണ്ണ് മൂടിക്കെട്ടിയാണുള്ളത്. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കാനാണിത്. കാണാന്‍ പാടില്ലാത്തതു കാണാതിരിക്കാനാണ് നീതിദേവത കണ്ണ് മൂടിക്കെട്ടിയത്. ജഡ്ജിമാരും അഭിഭാഷകരും കോടതി ജീവനക്കാരും നിയമപാലകരുമാണ് നീതിദേവതയുടെ പൂജാരിമാര്‍. ഇവരുടെ ഭാവം ദാസ്യമാവണം. ആജ്ഞയാവരുത്. ഇവിടത്തെ വേദഗ്രന്ഥം ഇന്ത്യന്‍ ഭരണഘടനയാണ്. ഈ പൂജാരിമാര്‍ക്ക് അറിവും പക്വതയും വനയവും ആവശ്യമാണ്. സേവകരാണെന്ന ബോധം മനസ്സില്‍ വേണം. ഭൂമിയെ മറന്നിട്ട് മനുഷ്യന് നിലനില്‍ക്കാനാവില്ല. മനുഷ്യന്‍ മൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ കടന്നുചെന്നതാണ് ഇന്നത്തെ പ്രധാന പ്രശ്‌നം- അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കണമെങ്കില്‍ അന്തസ്സുറ്റ ഒരു നീതിന്യായ വ്യവസ്ഥ രാജ്യത്ത് നില്‍ക്കണമെന്ന് ഹൈക്കോടതി ജഡ്ജി ബാബു മാത്യു പി ജോസഫ് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സി കെ ശശീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരായ പി ഡി ഷാജി, ബാബു സിറിയക് സംബന്ധിച്ചു.
Next Story

RELATED STORIES

Share it