നീതിന്യായ സംവിധാനം;  പരിഷ്‌കരിക്കണം: ജ. കെമാല്‍ പാഷ

കൊച്ചി: ഇരകള്‍ക്കു നീതി ലഭ്യമാക്കാന്‍ രാജ്യത്തെ നീതിന്യായ സംവിധാനം അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ബി കെമാല്‍ പാഷ. എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ സെന്റര്‍ ഫോര്‍ ലോ, ഗവേണന്‍സ് ആന്റ് പോളിസി സ്റ്റഡീസ് എന്നിവര്‍ സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യത്തിനു പിറകേ പോവാതെ ആരോപണവിധേയര്‍ക്കു പിന്നാലെ പോവുന്നത് നിയമസംവിധാനത്തിന്റെ മൂല്യച്യുതിയാണ്. കുറ്റാരോപിതര്‍ക്കു സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നു. മാനഭംഗക്കേസുകളിലെ ഇരകള്‍ക്കുപോലും ശരിയായ നീതി ലഭിക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ഇരകളുടെ ആവശ്യം മനസ്സിലാക്കി സര്‍ക്കാര്‍ ഇടപെടണം. ഇതിനായി രാജ്യത്തെ നിയമനീതി സംവിധാനം അടിയന്തരമായി പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണ്ണുതുറന്നു വച്ചില്ലെങ്കില്‍ ഇരകള്‍ക്കു നീതി മരീചികയാവും. നിയമഭേദഗതികളില്‍ പോലും പാര്‍ലമെന്റ് ഇക്കാര്യങ്ങള്‍ പരിഗണിക്കാത്തതു ഖേദകരമാണ്. ഈ കാര്യത്തില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ പാര്‍ലമെന്റിന്റെ കണ്‍തുറന്നുള്ള കാഴ്ചപ്പാടുകളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ നീതിസംവിധാനം സാങ്കേതികമായി പ്രതികള്‍ക്ക് അനുകൂലമാണ്. പോലിസ് യാന്ത്രികമായാണ് കേസുകളില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തുന്നത്. അതിലും യാന്ത്രികമായാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുന്നത്.
പീഡനക്കേസില്‍ ജയിലില്‍ അകപ്പെടുന്ന പ്രതികള്‍ സര്‍ക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങളും കൈപ്പറ്റി തടിച്ചു കൊഴുക്കുകയാണ്. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇരകള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. പീഡനക്കേസുകളില്‍ വിചാരണ സമയത്തും ഇരകള്‍ അവരനുഭവിച്ച പീഡനങ്ങള്‍ ഏറ്റുപറയേണ്ടിവരുന്നത് ദുഃഖകരമാണ്. ചില കേസുകളില്‍ ഇരകള്‍ക്കു ലഭിക്കുന്നതു തുച്ഛമായ പണമാണ്. വിദ്യാധരന്‍ കൊലക്കേസില്‍ നഷ്ടപരിഹാരമായി കോടതി വിധിച്ചത് 50,000 രൂപയാണ്. ക്രിമിനല്‍ കേസുകളിലെ ഇരകളുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ തയ്യാറാവണം.
ന്യായമായ വിധികളിലൂടെ മാത്രമേ ഇരകള്‍ക്കു നീതി ലഭിക്കൂവെന്നും ജസ്റ്റിസ് കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു. ലോ കോളജ് പ്രിന്‍സിപ്പല്‍ ആര്‍ ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ മിസോറി യൂനിവേഴ്‌സിറ്റി പ്രഫ. ഡോ. ജോന്നേ കാട്‌സ്, കേരള യൂനിവേഴ്‌സിറ്റി നിയമവിഭാഗം മേധാവി ഡോ. കെ സി സണ്ണി, മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. പി ശാന്തലിംഗം, പ്രഫ. എ എസ് സരോജ, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് വിഷ്ണു, എ വി വിവേക് സംസാരിച്ചു. ശില്‍പ്പശാല നാളെ സമാപിക്കും.
Next Story

RELATED STORIES

Share it