Kottayam Local

നീതിന്യായത്തിനൊപ്പം ആതുരസേവനം; ക്യാംപില്‍ ജനപങ്കാളിത്തം ശ്രദ്ധേയമായി

എരുമേലി: ശ്രീനിപുരം കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും, പരാതി പരിഹാര അദാലത്തും വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. 664 പേര്‍ക്ക് അലോപ്പതി, ഹോമിയോ വിഭാഗത്തില്‍ ചികില്‍സയും മരുന്നും ലഭിച്ചു. കോളനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സിലും വീല്‍ ചെയറിലുമായി എത്തിച്ച 62 പേര്‍ക്ക് ചികില്‍സ നല്‍കി.
ലഭിച്ച 40 പരാതികള്‍ എതിര്‍കക്ഷികള്‍ ഹാജരാവാനായി ലീഗല്‍ സര്‍വീസ് അദാലത്തിനു കൈമാറി. 1200ല്‍ പരം പേര്‍ ക്യാംപില്‍ പങ്കെടുത്തു. ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ലക്ഷ്മണന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ദുര്‍ബല വിഭാഗങ്ങള്‍ അധിവസിക്കുന്ന ശ്രീനിപുരത്ത് വികസനം ഒതുങ്ങിപ്പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി സി സുരേഷ് കുമാര്‍, കാഞ്ഞിരപ്പള്ളി മുന്‍സിഫ് മജിസ്‌ട്രേറ്റ് ബി മുരുകേശന്‍, കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്മാരായ റോഷന്‍ തോമസ്, വി മഞ്ജു, വനിതാ കമ്മീഷന്‍ അംഗം പ്രഫ. ജെ പ്രമീളാ ദേവി, ഡിവൈഎസ്പി വി യു കുര്യാക്കോസ്, റേഞ്ച് ഓഫിസര്‍ സാന്‍ട്രി ടോം, പഞ്ചായത്ത് അംഗം ടി പി തൊമ്മി, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. എം കെ അനന്തന്‍, അഡ്വ സാജന്‍ കുന്നത്ത്, അഡ്വ ഡി മുരളീധരന്‍, അഡ്വ. എം എ ഷാജി സംസാരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍, ശ്രീനിപുരം നവരശ്മി ക്ലബ്ബ്, എരുമേലി എംഇഎസ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ക്യാംപ്. ജില്ലാ ആശുപത്രി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, കുറിച്ചി എന്‍എസ്എസ് ഹോമിയോ കോളേജ്, ചിറക്കടവ് ആയുര്‍വേദ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് 14 ഡോക്ടര്‍മാര്‍ ക്യാംപിന്‍ സേവനത്തിനുണ്ടായിരുന്നു. കൊച്ചി അമൃതാ ആശുപത്രിയിലെ മൊബൈല്‍ സ്‌കാനിങ് യൂനിറ്റും, കാര്‍ഡിയോളജി ഡോക്ടര്‍മാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it