Life Style

നീതിതേടി രണ്ട് ഉപ്പമാര്‍

നീതിതേടി രണ്ട് ഉപ്പമാര്‍
X

.









shibili with ansar











''ഭരണകൂടത്തിന്റെ ഇരകളായിത്തീരുന്ന മക്കളെത്തേടിയുള്ള ഒരച്ഛന്റെ യാത്ര. അജയ്യമായ സഹനംകൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യംകൊണ്ടും ക്ലേശഭരിതവും കണ്ണീരില്‍ കുതിര്‍ന്നതുമാണ്'' ടി.വി. ഈച്ചര വാരിയര്‍ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍






 ക്കളെയോര്‍ത്തു നീതി യാചിച്ച് നഗരങ്ങളില്‍നിന്നു വന്‍നഗരങ്ങളിലേക്കും കോടതികളില്‍നിന്നു മേല്‍കോടതികളിലേക്കും ജയിലുകളില്‍നിന്നു സെന്‍ട്രല്‍ജയിലുകളിലേക്കും സങ്കടങ്ങളില്‍നിന്നു മഹാസങ്കടങ്ങളിലേക്കും എട്ടു വര്‍ഷങ്ങളായി അലഞ്ഞുകൊണ്ടേയിരിക്കുന്ന രണ്ടു പിതാക്കന്മാര്‍.


കക്കയം പോലിസ് ക്യാംപിന്റെ ഇരുള്‍വഴികളില്‍ ജീവിതം ഹോമിക്കപ്പെട്ട മകനെയോര്‍ത്ത് ടി.വി. ഈച്ചരവാരിയര്‍ ആത്മാവില്‍ തൊട്ട് എഴുതിയ പോലെ, മക്കള്‍ക്കുവേണ്ടി നീതി തേടിയുള്ള പലായനത്തില്‍ ഈരാറ്റുപേട്ടയിലെ പി.എസ്. അബ്ദുല്‍ കരീമിനും ആലുവയിലെ പെരുന്തേലില്‍ അബ്ദുല്‍ റസാഖിനും കൂട്ട് അജയ്യമായ സഹനവും ഒടുങ്ങാത്ത പോരാട്ടവീര്യവും തോരാത്ത കണ്ണീരും മാത്രം.


കരീമിന്റെ മക്കളായ ശിബ്്‌ലിയും ശാദുലിയും റസാഖിന്റെ മക്കളായ അന്‍സാറും സത്താറും സിമി ബന്ധം ആരോപിച്ചുള്ള വിവിധ കേസുകളില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ജയിലുകളിലാണ്. തീര്‍പ്പുകല്‍പ്പിക്കപ്പെട്ട കേസുകളില്‍ ഇവര്‍ നാലു പേരെയും വിവിധ കോടതികള്‍ നിരപരാധികളായി പ്രഖ്യാപിച്ചിട്ടുണ്ട്.


ശേഷിക്കുന്ന കേസുകളിലെ വിചാരണയും വിധിയും അനന്തമായി നീണ്ടുപോവുന്നതിനു സമാന്തരമായി ഇവരുടെ പിതാക്കന്മാരുടെ നീതി തേടിയുള്ള സഞ്ചാരവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.




  • രോഗക്കിടക്കയിലും വിശ്രമമില്ലാതെ  


ലുവ കുഞ്ഞുണ്ണിക്കരയിലെ പെരുന്തേലില്‍ അറുപത്തിനാലുകാരനായ അബ്ദുല്‍ റസാഖിന് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നാലു തവണ ഹൃദയാഘാതമുണ്ടായി. നാലു തവണയും ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായി. ഒരിലയനക്കത്തേക്കാള്‍ സൂക്ഷ്മമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഒരാഘാതം കൂടി താങ്ങാനുള്ള ശേഷി ആ ഹൃദയത്തിനില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പ്.










പക്ഷേ, ശരീരശാസ്ത്രവും ഡോക്ടര്‍മാരും എന്തു പറഞ്ഞാലും അബ്ദുല്‍ കരീമിന് വിശ്രമിക്കാനാവില്ല. അങ്ങനെയാണാ ജീവിതനിയോഗം. മക്കളായ അന്‍സാറിന്റെയും സത്താറിന്റെയും കേസ് ഭാണ്ഡങ്ങളും പേറി ദുരിതപര്‍വങ്ങള്‍ താണ്ടുകയാണ് ഹതഭാഗ്യനായ ആ പിതാവ്. ഈയാഴ്ച മധ്യപ്രദേശിലാണെങ്കില്‍ അടുത്തയാഴ്ച ഡല്‍ഹിയില്‍. അവിടെനിന്നു നേരെ ബംഗളൂരുവിലേക്ക്.അതുകഴിഞ്ഞ് വിയ്യൂരും കൊച്ചിയും സബര്‍മതി സെന്‍ട്രല്‍ ജയിലും.




  • ഞങ്ങളുടേത് മനുഷ്യാവകാശപോരാട്ടം


രാറ്റുപേട്ട എം.ഇ.എസ്. ജങ്ഷനടുത്ത് താമസിക്കുന്ന പി.എസ്. അബ്ദുല്‍ കരീം റിട്ട. യു.പി. സ്‌കൂള്‍ അധ്യാപകനാണ്. പ്രായം 63. രോഗാതുരമായ വിശ്രമകാലത്ത് മക്കളായ ശിബ്‌ലിയുടെയും ശാദുലിയുടെയും കേസ്ഫയലുകളുമായി രാജ്യമൊട്ടാകെ നീതിതേടി പരക്കം പായുകയാണ് കരീമും. 'മക്കള്‍ കുറ്റവാളികളാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ' എന്ന കാര്യത്തില്‍ ഈ രണ്ടു രക്ഷിതാക്കള്‍ക്കും ഭിന്നാഭിപ്രായമില്ല.


എന്നാല്‍, ശിബ്‌ലി, ശാദുലി, അന്‍സാര്‍, സത്താര്‍ അടക്കമുള്ള സിമി വേട്ട കേസുകളിലെ കുറ്റാരോപിതരായ യുവാക്കള്‍ ഭരണകൂട-പോലിസ് ഗൂഢാലോചനയുടെ ഇരകളാണെന്നാണ് കരീമും റസാഖും അനുഭവത്തിലൂടെ വരച്ചുകാട്ടുന്നത്.


abdul kareem


തെളിയിക്കപ്പെടാനായി ഭരണകൂടവും പോലിസും ആരോപിക്കുന്ന കുറ്റം സംഭവിച്ചിട്ടില്ലെന്നതിനാല്‍ ആത്യന്തികമായി യുവാക്കള്‍ നിരപരാധികളാണെന്നു തെളിയും. ഇതു ബോധ്യമുള്ള ഭരണകൂടവും പോലിസും വിചാരണയും വിധിയും വൈകിപ്പിച്ച് ശിബ്‌ലിയടക്കമുള്ളവരെ അനന്തമായി ജയിലുകളില്‍ തളച്ചിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് റസാഖും കരീമും ചൂണ്ടിക്കാട്ടുന്നു.


അതുകൊണ്ടുതന്നെ മക്കളെ കേസില്‍നിന്നു രക്ഷിക്കാനുള്ള സങ്കുചിത നീക്കങ്ങളല്ല തങ്ങള്‍ നടത്തുന്നതെന്നും സുതാര്യമായ വിചാരണാനടപടികളിലൂടെ നീതി ലഭ്യമാക്കാനും മക്കളുടെ നിരപരാധിത്വം തെളിയാനുതകുന്ന സാഹചര്യമൊരുക്കാനുമായി നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പക്ഷത്തുനിന്ന് പോരാടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നുമാണ് രണ്ടു പിതാക്കളും പറയുന്നത്.




  • സിമിവേട്ടയുടെ ഇര


രീമിന്റെ മൂത്തമകനായ ശിബ്‌ലിയെയും മൂന്നാമത്തെ മകനായ ശാദുലിയെയും 2008 മാര്‍ച്ച് 28ന് ഇന്‍ഡോറില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശിബ്‌ലി മുംബൈ ടാറ്റ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.




മക്കളെ രക്ഷിക്കാനുള്ള സങ്കുചിത നീക്കങ്ങളല്ല തങ്ങളുടേത്.
സുതാര്യമായ വിചാരണ നടപടികളിലൂടെ നീതിയ്ക്കായി നിയമത്തിന്റെയും  മനുഷ്യാ  അവകാശത്തിന്റെയും പക്ഷത്തുനിന്ന് പോരാടുകയാണ് ചെയ്യുന്നത്‌



ഈ കാലയളവില്‍ രാജ്യവ്യാപകമായി സിമിവേട്ട അരങ്ങേറുകയായിരുന്നു. മുന്‍ സിമിബന്ധമാരോപിച്ച് മുംബൈ സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസിലും ഹുബ്ലി സിമി ഗൂഢാലോചനാകേസിലും പ്രതിയാക്കപ്പെട്ടതോടെ ശിബ്‌ലി ജോലിയുപേക്ഷിച്ചു.മധ്യപ്രദേശില്‍ ശിബ്‌ലി സ്വന്തമായി സ്ഥാപനം നടത്തുന്നതിനിടെയാണ് സഹോദരന്‍ ശാദുലിയും ബന്ധു അന്‍സാറും ഇന്‍ഡോറില്‍ എത്തിയത്.


മൂവരും സിമി ബന്ധമാരോപിച്ച് പിടിക്കപ്പെട്ടു.ശിബ്‌ലി മുംബൈയില്‍ ജോലി ചെയ്യുന്ന സമയത്താണ് സബര്‍ബന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ് ഉദ്ഭവിച്ചത്. ഇന്‍ഡോറില്‍ അറസ്റ്റിലായ ശിബ്‌ലിയെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് മുംബൈയിലേക്ക് കൊണ്ടുപോയി.


മുംബൈ എ.ടി.എസ്. തലവനായിരുന്ന കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെയാണ് ശിബ്‌ലിയെ ചോദ്യം ചെയ്തത്. ഒരു മാസത്തിനിടെ നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി.ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ബന്ധമില്ലെന്ന് വ്യക്തമായതോടെ ഹേമന്ദ് കര്‍ക്കരെ ശിബ്‌ലിയെ തിരികെ മധ്യപ്രദേശ് പോലിസിനെ ഏല്‍പ്പിച്ചു.ഇതിനിടെ ശിബ്‌ലി മുംബൈ എ.ടി.എസ്സിന്റെ കസ്റ്റഡിയിലും ശാദുലിയും അന്‍സാറും മധ്യപ്രദേശ് പോലിസിന്റെ കസ്റ്റഡിയിലുമിരിക്കെ ഗുജറാത്തിലെ സൂറത്തിലും അഹ്മദാബാദിലും ദുരൂഹസ്‌ഫോടനങ്ങള്‍ നടന്നു.


ഈ കേസുകളിലും മൂവരും പ്രതികളായി. ഹേമന്ദ് കര്‍ക്കരെ ശിബ്‌ലിയെ മധ്യപ്രദേശ് പോലിസിനു കൈമാറിയതിനു പിന്നാലെ ഗുജറാത്ത് പോലിസ് ഇന്‍ഡോറിലെത്തി മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങി. മൂന്നു പേരെയും ഗുജറാത്ത് ജയിലിലടച്ചു. ശിബ്‌ലി എട്ടു വര്‍ഷമായി ജാമ്യം പോലും ലഭിക്കാതെ ഗുജറാത്ത് സബര്‍മതി ജയിലിലാണ്.  സമാന കാലയളവില്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ഹുബ്ലി-സിമി ഗൂഢാലോചന കേസിലും ശിബ്‌ലി, ശാദുലി, അന്‍സാര്‍ എന്നിവരെ പ്രതിചേര്‍ത്തു.


ഗുജറാത്ത് സെന്‍ട്രല്‍ ജയിലില്‍നിന്നു നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായി കൈവിലങ്ങണിയിച്ച് വന്‍ പോലിസ് സുരക്ഷയിലാണ് ഇവരെ കൊണ്ടുവന്നത്. കേസില്‍ ശിബ്‌ലി, ശാദുലി, അന്‍സാര്‍ അടക്കമുള്ള 17 പ്രതികളെയും കഴിഞ്ഞമാസം കോടതി വെറുതെ വിട്ടു. ഗുജറാത്ത് സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ശാദുലിയും അന്‍സാറും ആറു വര്‍ഷം അഹ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു.


ഇതിനിടെ 2007 ആഗസ്ത് 15ന് പാനായിക്കുളത്ത് സിമി, യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശാദുലിയും അന്‍സാറും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരസ്യമായ പരിപാടി പോലിസ് എഫ്.ഐ.ആറില്‍ രഹസ്യ സിമി ക്യാംപായി ആരോപിക്കുകയായിരുന്നു. എന്‍.ഐ.എ. ഏറ്റെടുത്ത കേസന്വേഷണത്തിന്റെ ഭാഗമായി ശാദുലിയെയും അന്‍സാറിനെയും കേരളത്തിലെത്തിച്ചു. രണ്ടു പേരുമിപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ശിബ്‌ലിക്കെതിരേ നേരത്തേ മധ്യപ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത ചില കേസുകള്‍ കോടതിയില്‍ നിലനിന്നില്ല.


നരസിംപുര, നരസിംപേട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിരോധനം ലംഘിച്ച് സിമി പ്രവര്‍ത്തനം സംഘടിപ്പിച്ചു എന്ന കേസുകളാണ് കോടതി തള്ളിയത്. 2006ല്‍ വാഗമണില്‍ സിമി ക്യാംപ് സംഘടിപ്പിച്ചെന്ന കേസിലും ശിബ്‌ലിയും ശാദുലിയും അന്‍സാറും പ്രതികളാണ്. 2008ല്‍ ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്ത ശേഷമാണ് രണ്ടു വര്‍ഷം മുമ്പത്തെ വാഗമണ്‍ കേസില്‍ മൂവരെയും പ്രതികളാക്കിയത്.


abdul razak











ലുവ പെരുന്തേലില്‍ റസാഖിന്റെ മൂത്ത മകനായ അന്‍സാര്‍ വിവാഹിതനായി 23ാം ദിവസമാണ് ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അന്‍സാറിന്റെ സഹോദരനായ അബ്ദുല്‍ സത്താറിനെ 2013ലാണ് സിമി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. വാഗമണ്‍ ഗൂഢാലോചന കേസില്‍ ആറാം പ്രതിയായി ചേര്‍ക്കപ്പെട്ട സത്താര്‍ ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ സാങ്കേതികവിഭാഗം ജീവനക്കാരനായിരുന്നു.


സന്ദര്‍ശന വിസയില്‍ സത്താര്‍ ദുബയിലെത്തിയപ്പോള്‍ എന്‍.ഐ.എയും കേരള പോലിസും അറസ്റ്റ് ചെയ്തുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍, സത്താറിനെ ഡല്‍ഹിയില്‍ വച്ച് അറസ്റ്റ് ചെയ്‌തെന്നാണ് എന്‍.ഐ.എ. ബന്ധുക്കളെ അറിയിച്ചത്. അറസ്റ്റിലായ ശേഷം അഹ്മദാബാദ് സ്‌ഫോടനക്കേസിലും സത്താര്‍ പ്രതിചേര്‍ക്കപ്പെട്ടു.


ആദ്യം അഹ്മദാബാദ്, കാക്കനാട് ജയിലുകളിലായിരുന്ന സത്താര്‍ ഇപ്പോള്‍ വിയ്യൂരിലാണ്.
രണ്ടാം തരം പൗരന്മാരോടെന്നതിനു സമാനമായ സമീപനമാണ് സിമിവേട്ട കേസിലെ കുറ്റാരോപിതര്‍ നേരിടുന്നത്.


സിമി വേട്ട കേസുകളില്‍ സര്‍ക്കാരുകളും പോലിസും ഉയര്‍ത്തുന്ന കുറ്റകരവും വിവേചനപരവുമായ സമീപനങ്ങള്‍ക്ക് ഒട്ടേറെ തെളിവുകളുണ്ട്. ശിബ്‌ലി-ശാദുലി അടക്കമുള്ളവര്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട അറസ്റ്റിലായ ഇന്‍ഡോര്‍ കേസ് ഗുജറാത്ത് പോലിസ് വിഭജിച്ചാണ് കോടതിയിലെത്തിച്ചത്. മൊത്തം 17 പ്രതികളുള്ള കേസില്‍ ആറു പേരെ ഉള്‍പ്പെടുത്തി മൂന്നാംഘട്ട കേസ് വിചാരണ പൂര്‍ത്തിയാക്കി.


ഇതേ കേസില്‍ ബാക്കിയുള്ള 11 പ്രതികള്‍ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി ജാമ്യം പോലും ലഭിക്കാതെ കഴിയവെ ഇവര്‍ ഒളിവിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്‍ഡോര്‍ പോലിസ് കേസ് വിഭജിച്ചത്.


childrens of shibily


26 സാക്ഷികള്‍ മാത്രമുള്ള ആറു പ്രതികളടങ്ങിയ ഇന്‍ഡോര്‍ കേസ് ഒന്നാംഘട്ട വിചാരണ പൂര്‍ത്തിയാവാന്‍ നാലുവര്‍ഷം വേണ്ടിവന്നു. ആറു വര്‍ഷം കഴിഞ്ഞ് വിധി വന്നപ്പോള്‍ ഈ കേസില്‍ മൂന്നുപേര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചു. മൂന്നു പേരെ വെറുതെ വിട്ടു.
ഇന്‍ഡോര്‍ കേസില്‍ മലയാളികള്‍ അടക്കമുള്ളവരുടെ വിചാരണാ നടപടികള്‍ പ്രോസിക്യൂഷന്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നതിന് ഏറെ തെളിവുകളുണ്ട്.


മാസങ്ങളുടെ ഇടവേളകള്‍ക്കു ശേഷം കേസ് വിളിക്കുമ്പോള്‍ നടപടികളിലേക്കു കടക്കാതെ ജഡ്ജിമാര്‍ സാങ്കേതികത്വം പറഞ്ഞു മാറ്റിവയ്ക്കുന്ന പ്രവണതയാണ് അരങ്ങേറുന്നതെന്ന് അബ്ദുല്‍ കരീമും റസാഖും ചൂണ്ടിക്കാട്ടുന്നു.


പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കേണ്ട രേഖകള്‍ പോലും ജഡ്ജിമാര്‍ പ്രതിഭാഗത്തോടാണ് ആവശ്യപ്പെടുന്നത്. ഇന്‍ഡോര്‍ സിമി വേട്ടക്കേസ് 100 കി.മീ  അകലെ ധാര്‍ ജില്ലയിലെ പീതംപൂര്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധാര്‍ മജിസ്‌ട്രേറ്റ് കോടതി തുടര്‍നടപടികള്‍ക്കായി കേസ് ഇന്‍ഡോര്‍ സെഷന്‍സ് കോടതിക്കു കൈമാറി.


എന്നാല്‍, ഇന്‍ഡോര്‍ കോടതി സാങ്കേതികത്വങ്ങള്‍ പറഞ്ഞ് ഓരോ തവണയും കേസ് നീട്ടുകയാണ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഇന്‍ഡോറിലേക്കു മാറ്റിയതു സംബന്ധിച്ച രേഖ ലഭിച്ചില്ല എന്ന കാരണമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ രേഖകള്‍ പ്രതിഭാഗം ഹാജരാക്കണമെന്നാണ് കോടതിയുടെ വിചിത്രമായ ആവശ്യം.മലയാളികളായ ശിബ്‌ലി, ശാദുലി, അന്‍സാര്‍, സത്താര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സിമി വേട്ട കേസുകളില്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും പോലിസിന്റെയും സമീപനത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമജ്ഞരും കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


തീവ്രവാദബന്ധം ആരോപിച്ച് ഇതിനകം മുസ്‌ലിം യുവാക്കള്‍ വേട്ടയാടപ്പെട്ട് ജയിലുകളിലടയ്ക്കപ്പെട്ട കേസുകളിലൊന്നും കുറ്റാരോപിതരുടെ നേരിട്ടുള്ള പങ്കാളിത്തത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഗൂഢാലോചനാകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അതിന്റെ പിന്നാലെ കഥകള്‍ പ്രചരിപ്പിക്കുന്നതിനപ്പുറം കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകളൊന്നും പ്രതികള്‍ക്കെതിരേ ഇല്ലെന്നത് സിമി വേട്ട കേസുകളുടെ പൊതുസ്വഭാവമാണ്.


കര്‍ണാടകയിലെ ഹുബ്ലി, ഗുജറാത്തിലെ ഹാലോല്‍, ഇന്‍ഡോര്‍- കേരളത്തിലെ വാഗമണ്‍- പാനായിക്കുളം, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് സിമി വേട്ടയുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ കേസുകളിലൊന്നും ക്രമസമാധാനത്തിന് ഭംഗം വന്നതോ രക്തം ചിന്തിയതോ ആളപായമുണ്ടായതോ ആയ സംഭവങ്ങളില്ല.
അഹ്മദാബാദില്‍ ആളപായമുണ്ടായ സ്‌ഫോടനക്കേസും സൂറത്തില്‍ മരത്തില്‍ ബോംബ് കണ്ടെത്തിയതും മാത്രമാണ് അപവാദം. എന്നാല്‍, ഈ രണ്ടു സംഭവങ്ങളും ഉണ്ടാകുമ്പോള്‍ കുറ്റാരോപിതര്‍ വിവിധ സംസ്ഥാന ജയിലുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. ഈ സംഭവങ്ങളില്‍ നേരിട്ടു ബന്ധമില്ലാത്ത ഗൂഢാലോചനക്കേസാണ് മുന്‍ സിമിക്കാര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.


വിചാരണ വൈകിക്കുന്ന കോടതി
ഒരു ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച സമയത്താണ് കുറ്റാരോപിതരെ മറ്റ് ഗൂഢാലോചന കേസുകളില്‍ പ്രതികളാക്കിയതെന്നതും ശ്രദ്ധേയമാണ്. കുറ്റാരോപിതര്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ തന്നെ തീവ്രവാദ വേട്ട എന്ന അജണ്ടയുടെ ഭാഗമായി രാജ്യവ്യാപകമായി സൃഷ്ടിക്കപ്പെട്ടതാണ് സിമി വേട്ട കേസുകള്‍ എന്ന ആക്ഷേപത്തിനു അടിവരയിടുന്നതാണ് സമാനമായ കേസുകളെല്ലാം. മെറിറ്റ് ഇല്ലാത്ത കേസുകളായതിനാല്‍ വിചാരണ വൈകിക്കുക എന്ന തന്ത്രമാണ് പ്രോസിക്യൂഷന്‍ പ്രയോഗിക്കുന്നതെന്നാണ് അഡ്വ. കെ.പി. മുഹമ്മദ് ശരീഫിനെ പോലുള്ള നിയമജ്ഞരും മനുഷ്യാവകാശപ്രവര്‍ത്തകരും വിലയിരുത്തുന്നത്.
ഹുബ്ലി കേസില്‍ സംഭവിച്ചതുപോലെ രാജ്യത്ത് അരങ്ങേറിയ മറ്റു തീവ്രവാദ ഗൂഢാലോചന കേസുകളിലും കുറ്റാരോപിതര്‍ മോചിപ്പിക്കപ്പെടുമെന്ന ബോധ്യം പോലിസിനും പ്രോസിക്യൂഷനുമുണ്ട്. അതിനാല്‍ കുറ്റാരോപിതര്‍ പരമാവധി ജയിലുകളില്‍ തളച്ചിടപ്പെടട്ടെയെന്ന ആരുടെയൊക്കെയോ ആഗ്രഹങ്ങള്‍ നിറവേറ്റുകയാണ് ഭരണകൂടം.

Next Story

RELATED STORIES

Share it