നിസാര്‍ വധശ്രമം: രണ്ടു പ്രതികള്‍ കൂടി പിടിയില്‍

കുറ്റിയാടി: എസ്ഡിപിഐ പ്രവര്‍ത്തകന്‍ രയരോത്ത് മീത്തല്‍ നിസാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. വാണിമേല്‍ സ്വദേശി വെട്ടുകാട്ടില്‍ സണ്ണിയുടെ മകന്‍ റിനു എന്ന റിന്‍സന്‍ (28), പാറക്കടവ് കുറുവന്തേരി സ്വദേശി പടിക്കല്‍ നാണുവിന്റെ മകന്‍ രാജന്‍ (50) എന്നിവരെയാണ് കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണവിഭാഗം വളയത്തിനടുത്ത കുറുവന്തേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പിടികൂടിയതായി സിഐ അറിയിച്ചു.
അക്രമത്തിനു ശേഷം ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. ബോംബെറിയാന്‍ നേതൃത്വം നല്‍കിയത് റിന്‍സനും വെട്ടാന്‍ നേതൃത്വം നല്‍കിയത് രാജനുമാണെന്നു പോലിസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ ഹോട്ടല്‍ തൊഴിലാളിയായ റിന്‍സന്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് നാട്ടിലെത്തിയത്. ഇയാള്‍ ബോംബ് കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണ്. ബൈക്കില്‍ ബോംബുമായെത്തിയാണ് ഇയാള്‍ അക്രമത്തില്‍ പങ്കാളിയായത്. അക്രമത്തിനു ശേഷം ആന്ധ്രയിലേക്കു തിരിച്ചുപോയ റിന്‍സന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കൂലിത്തൊഴിലാളിയായ രാജനും മറ്റു കൂട്ടാളികളുമാണ് നിസാറിനെ വെട്ടാന്‍ നേതൃത്വം നല്‍കിയത്. രാജനും അക്രമത്തിനിടെ പരിക്കേറ്റിരുന്നു.
കഴിഞ്ഞ മാസം 13നാണ് ഫാന്‍സി കട തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ എത്തിയ നിസാറിനെ മൂന്നു ബൈക്കുകളിലെത്തിയ സിപിഎം സംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതികള്‍ക്ക് അഭയം നല്‍കിയ ദമ്പതികളായ ഇരുമ്പിലാട്ടുമ്മല്‍ അനീഷ്, ഷൈനി എന്നിവരെയും പ്രതികളെ ആശുപത്രിയിലെത്തിച്ച ജീപ്പ് ഡ്രൈവര്‍ സജീവന്‍, അക്രമത്തില്‍ പങ്കാളികളായ മലയില്‍ അന്ത്രോളി അഭിലാഷ്, പന്നിയൊടുക്കില്‍ നാണു, അന്ത്യേരി അനൂപ്, അഖിന്‍ എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
Next Story

RELATED STORIES

Share it