നിസാര്‍ വധശ്രമം: ഒളിവിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുറ്റിയാടി: എസ്ഡിപിഐ പ്രവര്‍ത്തകന്‍ രയരോത്ത് മീത്തല്‍ നിസാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെക്യാട് സ്വദേശി അന്ത്യേരി അനൂപ് എന്ന കണ്ണനെ(26)യാണ് കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതികളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ച ജീപ്പ് ഡ്രൈവര്‍ തൂവ്വക്കുന്നിലെ പാറേമ്മല്‍ സജീവനെ(45) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നേരിട്ടു പങ്കുള്ള അനൂപ്, നിസാറിനെ കടയില്‍ കയറി വെട്ടുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
അക്രമസമയത്ത് അനൂപ് ധരിച്ച വസ്ത്രം അന്ത്യേരിയിലെ ഒരു പൊട്ടക്കിണറ്റില്‍നിന്നു പോലിസ് കണ്ടെടുത്തു. ചെങ്കല്‍ കെട്ടിടത്തൊഴിലാളിയായ അനൂപ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. പ്രതികളെ രഹസ്യമായി ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത് സജീവനാണ്. ആക്രമണത്തിനുശേഷം പ്രതികള്‍ ആദ്യം എത്തിയത് വാണിമേലിലെ ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു.
ബൈക്കില്‍ കായലോട്ട് പാലം വരെ സഞ്ചരിച്ച പ്രതികള്‍ അവിടെ വച്ച് സജീവനെ വിളിച്ചുവരുത്തി തലശ്ശേരി ആശുപത്രിയിലേക്കു പോവുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ഏതാനും പ്രതികളെക്കൂടി പിടികൂടാനുണ്ട്. എന്നാല്‍ മാത്രമേ ഗൂഢാലോചനയുടെ വ്യക്തമായ ചിത്രം പുറത്തുവരുകയുള്ളൂ. അറസ്റ്റിലായ പ്രതികളെ ഇന്ന് നാദാപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it