Flash News

നിസാം കേസ് : പ്രോസിക്യൂഷന് അനുകൂലമായി അനൂപ് വീണ്ടും മൊഴിമാറ്റി

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം സാക്ഷി അനൂപ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
നിസാം ചന്ദ്രബോസിനെ ബാറ്റണ്‍ കൊണ്ട് മര്‍ദിക്കുന്നതും ഹമ്മര്‍ കാറുകൊണ്ട് ഇടിച്ചുതെറിപ്പിക്കുന്നതായും താന്‍ കണ്ടുവെന്ന് ഇയാള്‍ ഇന്ന് വീണ്ടും മൊഴി നല്‍കി. ഇന്നലെ മൊഴി മാറ്റിപ്പറഞ്ഞതില്‍ ഉണ്ടായ കുറ്റബോധം കൊണ്ടാണ് താന്‍ ഇന്ന് നിലപാട് മാറ്റിയതെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
പോലീസിന് 144ാം വകുപ്പു പ്രകാരം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും അനൂപ് അറിയിച്ചു.
കേസില്‍ കൂറുമാറിയതായി ഇന്നലെ കോടതി പ്രഖ്യാപിച്ചുവെങ്കിലും നാടകീയമായി പ്രോസിക്യൂഷന് അനുകൂലമായി അനൂപ് ഇന്ന് നിലപാട് മാറ്റുകയായിരുന്നു.
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ തന്നെ പോലിസ് ബലം പ്രയോഗിച്ചു മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ഇന്നലെ ഇയാള്‍ ആ കോടതിയെ അറിയിച്ചത്.
കാര്‍ അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്നാണ് അനൂപ് നല്‍കിയ ആദ്യ മൊഴി. നിസാം തന്നെ മര്‍ദ്ദിച്ചതായും അനൂപ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ആക്രമണം താന്‍ കണ്ടിട്ടില്ലെന്നാണ് അനൂപ് ഇന്നലെ കോടതില്‍ പറഞ്ഞത്. പണത്തിന്റെ സ്വാധീനമാണ് മൊഴിമാറ്റലിനു പിന്നിലെന്ന് ചന്ദ്രബോസിന്റെ കുടുംബം ആരോപിച്ചിരുന്നു. നിസാമിന്റെ ഭാര്യ ഉള്‍പ്പെടെ 111 പേരെയാണ് സാക്ഷികളായി പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നത്. സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ജഡ്ജിക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജനുവരി 29നു പുലര്‍ച്ചെയാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ ഫെബ്രൂവരി 16നു മരിച്ചു. കൊലപാതകത്തിലെ ഏക പ്രതി നിസാം ആക്രമണത്തിന്റെ അന്നു മുതല്‍ ജയിലിലാണ്. ചന്ദ്രബോസിനോടുള്ള മുന്‍വൈരാഗ്യം മൂലം ആഡംബര കാര്‍ ഇടിപ്പിച്ച് നിസാം കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പോലിസ് വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രബോസിന്റെ മരണമൊഴിയും രക്തം പുരണ്ട വസ്ത്രങ്ങളും അടക്കം പ്രധാന തെളിവുകളില്ലാത്ത കേസില്‍ സാക്ഷിമൊഴികളാണ് നിര്‍ണായകം. നവംബര്‍ 18ന് വിചാരണ പൂര്‍ത്തിയാക്കി 30നകം വിധി പറയാനാണ് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ശ്രമം.
Next Story

RELATED STORIES

Share it