Middlepiece

നിവൃത്തിയുണ്ടെങ്കില്‍ വാര്‍ഡ് മെംബറാവൂ... പ്ലീസ്...

നിവൃത്തിയുണ്ടെങ്കില്‍ വാര്‍ഡ് മെംബറാവൂ... പ്ലീസ്...
X
slug-vettum-thiruthum''ദൈവമേ, എന്നെയൊരു പഞ്ചായത്ത് ബോര്‍ഡ് മെംബറാക്കി രക്ഷിക്കണേ...'' ശരാശരി ഗ്രാമീണന്റെ അലസജീവിതത്തിനിടയിലെ പ്രാര്‍ഥനകളിലൊന്ന് ഇനി ഇങ്ങനെയുമാവാം. കാരണം, 3,800 രൂപ പ്രതിമാസം ഓണറേറിയം ലഭിച്ചിരുന്ന പഞ്ചായത്തംഗത്തിന് ഈ വരുന്ന ഏപ്രില്‍ മുതല്‍ 7,600ക. വീതം ലഭിക്കും. ലഭിച്ചിരുന്നതിന്റെ നേരെ ഇരട്ടി ഓണറേറിയം. ഭയങ്കര അധ്വാനികളാണല്ലോ ഇക്കൂട്ടര്‍. തുടര്‍ന്നും ഭരിക്കാനുള്ള കോപ്പുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വക തത്വദീക്ഷയില്ലാത്ത ഈ ഓണറേറിയ വര്‍ധന.
പഞ്ചായത്തംഗത്തിനു മാത്രമല്ല, കോര്‍പറേഷനുകളില്‍ മേയര്‍ തൊട്ട് സകല പോസ്റ്റിലും അപ്രതീക്ഷിതമായി വന്‍ ഓണറേറിയ വര്‍ധന.
നിയമസഭാ പ്രതിനിധി, പാര്‍ലമെന്റ് പ്രതിനിധി എന്നീ 'ദേശസ്‌നേഹി'കള്‍ക്ക് ഫോണും വിമാനയാത്രയും ചികില്‍സയും തോട്ടക്കാരന് ശമ്പളവും ഒക്കെക്കൂടി ഈയിടെ വന്‍ കൊയ്ത്താണ്. 'ചായക്കടക്കാരന്‍' ഭരണം തുടങ്ങിയപ്പോള്‍ വാരിക്കോരിയാണ് പാര്‍ലമെന്റംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍. ഡല്‍ഹിയില്‍ 30 വര്‍ഷം മുമ്പത്തെ സ്ഥിതി ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സൗത്ത്-നോര്‍ത്ത് അവന്യു എംപി ക്വാര്‍ട്ടേഴ്‌സുകളില്‍ വാഹനം രാത്രിയില്‍ സൂക്ഷിക്കാനുള്ള ഷെഡ് പോലും രണ്ടായി പകുത്ത് 10,000 രൂപ തൊട്ട് വാടകയ്ക്ക് നല്‍കിയിരുന്നു അന്നത്തെ ചില പാര്‍ലമെന്റംഗങ്ങള്‍.
ജനങ്ങള്‍ക്കു വേണ്ടി 'രാപകല്‍' നെട്ടോട്ടമോടുന്നവര്‍ക്ക് വേതനം വര്‍ധിപ്പിക്കുമ്പോള്‍, അവര്‍ക്കായി നൂറുനൂറായിരം ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ ധനകാര്യ കമ്മീഷനുകള്‍ ഒരു കാര്യം അന്വേഷണത്തിനു വിടണം. പഞ്ചായത്ത് മെംബര്‍ തൊട്ട് കോര്‍പറേഷന്‍ മേയര്‍ വരെയുള്ളവര്‍ ഇത്ര വര്‍ധിച്ച ഓണറേറിയങ്ങള്‍ക്ക് അര്‍ഹരാണോ? നോമിനേഷന്‍ പത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്തുവിവരപ്പട്ടിക അനുസരിച്ച് മാന്യമെംബര്‍മാര്‍ ഖജനാവിലെ കാശ് കീശവീര്‍പ്പിക്കാന്‍ വാങ്ങുന്നത് ഉചിതമോ?
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്, ദീര്‍ഘകാലം കേരള മുഖ്യമന്ത്രി സ്ഥാനത്തിരുന്ന സി അച്യുതമേനോന്‍ അടക്കം എത്രയോ നല്ല മനുഷ്യര്‍- സി എച്ച് മുഹമ്മദ് കോയ, ലീഗിലെ തന്നെ പി കെ കെ ബാവ- തുടങ്ങിയവരെയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. ദീര്‍ഘകാലം മന്ത്രിക്കസേരകളിലും സര്‍ക്കാരാഭിമുഖ്യത്തിലുള്ള മറ്റു കാശ് തിരിമറിക്കാവുന്ന കസേരകളിലുമിരുന്നിട്ടും കടവും പ്രാരബ്ധങ്ങളുമായി ജീവിച്ചവരാണവര്‍. ഈ ലിസ്റ്റില്‍ ഇനിയും പേരുകളുണ്ടാവാം. നേരിട്ടു ബോധ്യമായ കാര്യം 'വെട്ടാതെയും തിരുത്താതെയും' രേഖപ്പെടുത്തി എന്നേയുള്ളൂ. കാസര്‍കോട് ജീവിതകാലത്ത് ധനാഢ്യനായിരുന്ന കെ എസ് അബ്ദുല്ലയുടെ പിആര്‍ഡി ഞാന്‍ കുറച്ചുകാലം ഭരിച്ചിരുന്നതിനാല്‍ സിഎച്ച് അക്കാലത്ത് പണം എന്ന പിശാചിനെ ഭയപ്പെട്ടിരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്നതല്ല സ്ഥിതി. ബഹു. സിഎച്ചിന്റെ പുത്രന്‍പോലും അധികാരക്കസേരയില്‍ 'നല്ല' പുള്ളിയല്ലെന്ന് ബോധ്യമുള്ളവര്‍ ലീഗില്‍ തന്നെ ധാരാളം. ഇടതിലും വലതിലും അധികാരം ഉപയോഗിച്ച് ഇനിവരാനുള്ള തലമുറയ്ക്കു കൂടി ബിനാമി ലേബലില്‍ സമ്പാദിച്ചുകൂട്ടുന്നു. ഇതൊക്കെ പരസ്യമായ രഹസ്യങ്ങള്‍. എംപി ഫണ്ടും എംഎല്‍എ ഫണ്ടും പാസാക്കി ധനവിനിയോഗം എന്നത് സ്വന്തം കീശവീര്‍പ്പിക്കാനും സ്വന്തക്കാരുടെ റോഡും പള്ളിക്കൂടവും അമ്പലക്കുളവും വികസിപ്പിക്കാനും തുനിഞ്ഞിറങ്ങിയവരുടെ ചരിത്രങ്ങള്‍ കേരളത്തിലെ ഓരോ വോട്ടര്‍ക്കും കാണാപ്പാഠം. താന്താങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി കീശ വീര്‍പ്പിക്കാനും തോന്ന്യാസങ്ങള്‍ സ്വന്തം പദവിയുടെ ലേബലില്‍ കാട്ടിക്കൂട്ടാനും തുനിഞ്ഞാല്‍, അതൊരു രോഗമായി സമൂഹഗാത്രത്തില്‍ പടര്‍ന്നാല്‍ ആ മെംബറെ മടക്കിവിളിക്കാന്‍ വോട്ടര്‍ക്ക് അധികാരമില്ലാത്ത രാജ്യത്ത് ജനപ്രതിനിധി എന്നത് കോടീശ്വരനാവാന്‍ കുറുക്കുവഴി എന്ന സ്ഥിതിവിശേഷം നിലനില്‍ക്കെ, ഇപ്പോഴത്തെ ഓണറേറിയം വര്‍ധനയും മറ്റാനുകൂല്യങ്ങളുമൊക്കെ വോട്ടര്‍മാരെ കൊഞ്ഞനംകുത്തുന്നതിനു തുല്യമാണ്. 'വെട്ടിയേ തീരൂ... തിരുത്തിയേ തീരൂ...'

* * *

സി അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളിലൊരിടത്ത് ''പനി കുറേശ്ശെയുണ്ട്. രാത്രിഭക്ഷണം വല്ല ബ്രഡോ മറ്റോ ആക്കാം. പക്ഷേ, ബ്രഡ് വാങ്ങാന്‍ മൂന്നു രൂപ. അതു കിട്ടാന്‍ എന്തു വഴി'' എന്നെഴുതിയത് വായിച്ചിട്ടുണ്ട്. പാവം അച്യുതമേനോന്‍.
Next Story

RELATED STORIES

Share it