Citizen journalism

നിലവിളക്ക് വിവാദം: കുരുടന്‍ ആനയെ കാണുന്നു

നിലവിളക്ക് വിവാദം ആളിക്കത്തിയപ്പോള്‍, കോഴിക്കോട്ടെ പ്രമുഖ പത്രത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി കെ രവീന്ദ്രന്‍ വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളും മറ്റും ഉദ്ധരിച്ച് ഒരു ലേഖനമെഴുതിയിരുന്നു. നിലവിളക്കു കൊളുത്തല്‍ മുസ്്‌ലിംകള്‍ക്കും ആവാമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ലേഖകന്റെ ശ്രമം.

നിലവിളക്കു കൊളുത്തുന്നത് അനിസ്്‌ലാമികമാണെന്നതിന് അടിസ്ഥാനമായി ഒരു സൂക്തമെങ്കിലും ഖുര്‍ആനിലുണ്ടോ എന്ന ഒരു ചോദ്യവുമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍ വിളക്കിനെയോ വെളിച്ചത്തെയോ അല്ല ഇസ്‌ലാം നിരാകരിക്കുന്നത്, മറിച്ച് അവയെ ആരാധിക്കുന്നതാണ് അനിസ്്‌ലാമികം എന്നാണ് ഡോ. രവീന്ദ്രന്‍ മനസ്സിലാക്കേണ്ടത്.

അതുകൊണ്ടായിരിക്കും വിളക്കു കൊളുത്തുന്നതില്‍നിന്നു മുസ്‌ലിം മന്ത്രിമാര്‍ മാറിനില്‍ക്കുന്നത്. അല്ലാഹുവിനെ പ്രകാശത്തോടും പ്രവാചകനെ പ്രകാശിക്കുന്ന വിളക്കിനോടും വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ലേഖകന്‍. നബിതിരുമേനി അനുയായികളെ പഠിപ്പിച്ചുകൊടുത്തത് ഏതൊരു കാര്യത്തിനും തുടക്കംകുറിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നാണ്.

അതല്ലാതെ ദീപം തെളിയിക്കാനോ വന്ദിക്കാനോ അല്ല. ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റൊന്നിനെയും ആരാധിക്കരുതെന്നും വിശുദ്ധ ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ഉദ്‌ബോധിപ്പിക്കുന്നു. കുരുടന്‍ ആനയെ കണ്ട് തുമ്പിക്കൈ തൊട്ടുനോക്കി ഉലക്കയെന്നും ചെവി പിടിച്ചുനോക്കി മുറമെന്നും പറഞ്ഞതുപോലെയാണ് ഡോ. രവീന്ദ്രന്‍ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിച്ചിരിക്കുന്നത്.

ഒരു ഖുര്‍ആന്‍ വചനമിങ്ങനെ: അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും നിങ്ങള്‍ ആരാധിക്കരുതെന്ന് നിന്റെ രക്ഷിതാവ് നിന്നോട് കല്‍പ്പിച്ചിരിക്കുന്നു. അല്ലാഹുവിന് പുറമേ മറ്റൊരു ദൈവത്തെയും ആരാധിക്കുകയും അരുത്. (17:22, 17:23, 17:39). നിലവിളക്ക് കൊളുത്തുന്നതില്‍ വെറുമൊരു ദീപം തെളിയിക്കുന്നതില്‍ അപ്പുറം പലതുമുള്ളതുകൊണ്ടായിരിക്കുമല്ലോ ഡോ. രവീന്ദ്രനെ പോലുള്ളവര്‍ രംഗത്തുവന്നത്. ആ വാശിയാണ് ചോദ്യംചെയ്യപ്പെടേണ്ടത്.

ഇമാം പി കെ കെ അഹമ്മദ്കുട്ടി മൗലവി
തിരുവനന്തപുരം
Next Story

RELATED STORIES

Share it