malappuram local

നിലമ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫില്‍ കുടുംബാധിപത്യം: പി വി അന്‍വര്‍

കരുളായി: ഏകാധിപത്യത്തില്‍നിന്നു കുടുംബാധിപത്യത്തിലേയ്ക്കുള്ള പോക്ക് നിലമ്പൂരൂകാര്‍ തള്ളിക്കളയുമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍. കരുളായിയില്‍ സ്ഥാനാര്‍ഥി പര്യാടനത്തിനിടെ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുപതിറ്റാണ്ട് പിതാവിനെ സഹിച്ചവര്‍ ഇനി മകനെയും ചുമക്കണമെന്ന ധാര്‍ഷ്ഠ്യത്തിന് മലനാട് തിരിച്ചടി നല്‍കും.
കെപിസിസി സെക്രട്ടറിയെപ്പോലും കുറുക്കുവഴിയില്‍ വെട്ടിയാണ് ആര്യാടന്‍മാര്‍ സീറ്റുറപ്പിച്ചത്. ജനാധിപത്യ വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ ഇതുമൂലം തന്നെ പിന്തുണയ്ക്കുമെന്നും അന്‍വര്‍ അവകാശപ്പെട്ടു. നിലമ്പൂരില്‍ മാറ്റം കൊണ്ടുവരാന്‍ തനിക്കാവുമെന്നു കണ്ടാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയത്. പഴയ കോണ്‍ഗ്രസുകാരനായ താന്‍ ആര്യാടന്‍മാരെ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലമ്പൂരിലെത്തിയത്. ജയം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ തനിക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ നില്‍ക്കാമായിരുന്നു. വക്രരാഷ്ട്രീയത്തിെന്റയും ചതിരാഷ്ട്രീയത്തിന്റെയും അന്ത്യമാണ് തന്റെ ലക്ഷ്യം. തുടക്കത്തില്‍ സിപിഎമ്മിനുള്ളില്‍ തനിക്കെതിരെയുണ്ടായ എതിര്‍പ്പ് ഇപ്പോഴില്ലെന്നും അത് തെറ്റിധാരണ കൊണ്ടുണ്ടായതായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ അവരെല്ലാവരും തനിക്കുവേണ്ടി പ്രചാരണ രംഗത്തുണ്ട്. ബിജെഡിഎസ് സാന്നിധ്യം യുഡിഎഫിനാണ് ക്ഷീണം ചെയ്യുക.
പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലീഗിനെ കാലുവാരാനിരിക്കുന്നത് നിലമ്പൂരിലെ ലീഗുകാര്‍ക്കറിയാം. ജില്ലയില്‍ യുഡിഎഫ് സംവിധാനം ശിഥിലമാണ്. ത്രിതല പഞ്ചായത്തില്‍ യുഡിഎഫില്‍ ഉടലെടുത്ത അസ്വാരസ്യം നിലനില്‍ക്കുകയാണെന്നും ഇതെല്ലാം എല്‍ഡിഎഫിനു ഗുണമാവുമെന്നും അന്‍വര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it