malappuram local

നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാത; സര്‍വേ പ്രവര്‍ത്തനത്തിന് സമ്മര്‍ദ്ദം വേണം: ഇ ശ്രീധരന്‍

നിലമ്പൂര്‍: നിലമ്പൂര്‍- നഞ്ചന്‍കോഡ് പാതയ്ക്ക് കേന്ദ്ര റെയില്‍വേ ബജറ്റില്‍ 6,000 കോടി രൂപ അനുമതി നല്‍കിയെങ്കിലും ഇനി സര്‍വേക്കായി നാലു കോടി രൂപ നീക്കിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു റെയില്‍വേ ഏകാംഗ കമ്മീഷനും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവുമായ ഇ ശ്രീധരന്‍. നിലമ്പൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനയച്ച കത്തിലാണ് ബജറ്റ് ചര്‍ച്ചയില്‍ എംപിമാരെ ഇടപെടുത്തി നാലു കോടിയെങ്കിലും വകയിരുത്തിയെങ്കിലേ പദ്ധതിക്ക് പുരോഗതിയുണ്ടാവൂവെന്നു വ്യക്തമാക്കിയത്. ബഡ്ജറ്റിതര മാര്‍ഗ്ഗങ്ങളിലൂടെ (ഇബിആര്‍- എക്‌സ്ട്രാ ബഡ്ജറ്ററി റിസോഴ്‌സസ്) പദ്ധതിക്ക് 6000 കോടി റെയില്‍വേ കാണക്കാക്കുന്നത്.
പഴയ റിപോര്‍ട്ട് പ്രകാരമാണ് പദ്ധതിക്ക് ചെലവു കണക്കാക്കിയത്. ഇതുപ്രകാരം ബിഒടി വഴിയോ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) വഴിയോ തുക കണ്ടെത്തണം. പാതയുടെ ഉയര വര്‍ധന 100 മീറ്ററിന് ഒരു മീറ്റര്‍ എന്ന പഴയ റിപോര്‍ട്ടാണ് റെയില്‍വേ പരിഗണിച്ചത്. എന്നാല്‍, നിരന്ന പ്രദേശത്ത് 80 മീറ്ററിന് ഒന്നും ഉയരമുളള മേഖലകളില്‍ 50 മീറ്ററിന് ഒന്നായും പുനക്രമീകരിച്ചാല്‍ പാതയുടെ ദൈര്‍ഘ്യവും പദ്ധതി ചെലവും കുറക്കാനാവും. പദ്ധതി ആരംഭിക്കുന്നിന് മുമ്പ് വിശദമായ സര്‍വേ നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍, മാത്രമേ ഫണ്ട് സമാഹരിച്ചു പ്രവൃത്തി ആരംഭിക്കാനാവൂ. ഇതിന് എട്ടു കോടി രൂപ ചെലവുവരും. സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ ധാരണാപത്രമനുസരിച്ച് ഇതിന്റെ പകുതി തുക വഹിക്കേണ്ടത് റെയില്‍വെയാണ്. അതിനാല്‍ ബജറ്റ് ചര്‍ച്ചയില്‍ നാലു കോടി രൂപയെങ്കിവും അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇ ശ്രീധരന്‍ ആവശ്യപ്പെട്ടത്. കത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നു ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂര്‍- നഞ്ചന്‍കോഡ് പാത 236 കിലോ മീറ്ററിന് 6000 കോടിയാണു റെയില്‍വേ ചെലവു കണക്കാക്കുന്നതെങ്കില്‍ 156 കിലോ മീറ്ററില്‍ 2200 കോടി രൂപകൊണ്ട് പൂര്‍ത്തീകരിക്കാമെന്നാണ് ഇ ശ്രീധരന്‍ വ്യക്തമാക്കിയിട്ടുള്ളത്. റെയില്‍വെ ചെലവു കണക്കാക്കിയതിനേക്കാള്‍ 3800 കോടി കുറവില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാവും.
Next Story

RELATED STORIES

Share it