malappuram local

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തും തവനൂരില്‍ ഇഫ്തിഖാറുദ്ദീനുമെന്നു സൂചന

മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് ലിസ്റ്റിന്റെ രൂപരേഖയാവുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തും തവനൂരില്‍ പി ഇഫ്തിഖാറുദ്ദീനും മല്‍സരിക്കുമെന്നാണ് അവസാന സൂചന. വണ്ടൂരില്‍ എ പി അനില്‍കുമാറിന്റെ പേര് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പൊന്നാനിയില്‍ അജയ്‌മോഹന്‍ തന്നെ മല്‍സരിക്കുമെന്നാണ് അവസാന സൂചനകള്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നു പഞ്ചായത്തും നഗരസഭയും കടന്നാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തിലേക്കെത്തുന്നത്.
നിലമ്പൂര്‍ കല്ലായി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ലീഡറായാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ തുടക്കം. ഗവ. മാനവേദന്‍ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിന്റെ സ്‌കൂള്‍ ലീഡറായി. കെഎസ്‌യു താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രീഡിഗ്രി പഠനത്തിന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലേക്ക്. ഡിഗ്രി പഠനം മമ്പാട് എംഇഎസില്‍. രാഷ്ട്രീയത്തിനൊപ്പം കലയും സിനിമയും സാംസ്‌ക്കാരിക രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഷൗക്കത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി, കേരള ദേശീയ വേദി ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. നിലവില്‍ കെപിസിസി അംഗവും എഐസിസിയുടെ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനറുമാണ്.
പാഠം ഒന്ന് ഒരു വിലാപം എന്ന ആദ്യ സിനിമയ്ക്ക് മികച്ച കഥക്കുമുള്ള സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടി. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായും നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ദൈവനാമത്തിലെന്ന രണ്ടാമത്തെ സിനിമയ്ക്ക് മികച്ച ദേശീയ ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. വിലാപങ്ങള്‍ക്കപ്പുറം എന്ന മൂന്നാമത്തെ സിനിമയ്ക്കും പുരസ്‌ക്കാരം ലഭിച്ചു. ഭാര്യ മുംതസ് ബീഗം. മക്കള്‍; ഓഷിന്‍ സാഗ, ഒവിന്‍ സാഗ, ഒലിന്‍ സാഗ.
രണ്ടത്താണി പാലമഠത്തില്‍ സ്വദേശിയാണ് പി ഇഫ്തിഖാറുദ്ദീന്‍. ഭാര്യ ബുഷറ. മക്കള്‍ മുഹമ്മദ് അമന്‍, മുഹമ്മദ് അബിന്‍. നിലവില്‍ എടപ്പാള്‍ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എക്കണോമിക്‌സ് വിഭാഗം അധ്യാപകന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറിമാരിലൊരാളും കൂടിയാണ്.
Next Story

RELATED STORIES

Share it