നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി; തൂക്കുസഭ വന്നാലും മുസ്‌ലിംലീഗ് മറുവശത്ത് തൂങ്ങില്ല

മലപ്പുറം: സംസ്ഥാനത്ത് തൂക്കുസഭ വന്നാലും മുസ്‌ലിംലീഗ് മറുവശത്ത് തൂങ്ങില്ലെന്നും യുഡിഎഫിന്റെ തൂക്കത്തിനൊപ്പമായിരിക്കും പാര്‍ട്ടിയെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വേ ഫലങ്ങള്‍ നേരത്തേ എല്‍ഡിഎഫിനു അനുകൂലമായിരുന്നു. ഇപ്പോള്‍ യഥാര്‍ഥ്യബോധത്തോടെ പറയുകയാണെങ്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. മുമ്പ് തനിക്ക് അമിത ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങളില്ലെന്നല്ല; യുഡിഎഫ് ഭരണം തുടര്‍ന്നാല്‍ കൊള്ളാമെന്നു ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. വസ്തുതാപരമായി ചിലപ്പോള്‍ ഇതു ശരിയായി കൊള്ളണമെന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനങ്ങളെ അടിച്ചൊതുക്കിയുള്ള വികസനം സാധ്യമല്ല. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, വിമാനത്താവള ഭൂമി ഏറ്റെടുപ്പ്, ദേശീയപാത വികസനം എന്നിവയ്ക്ക് ജനങ്ങളെ വിശ്വാസത്തിലെടുത്തേ ഭൂമി ഏറ്റെടുക്കൂ. കൂടുതല്‍ ആളുകള്‍ ഇക്കാര്യങ്ങളില്‍ സഹകരിച്ചുവരുന്നുണ്ട്. അതുകൊണ്ട് അല്‍പം കാലതാമസമെടുക്കുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അക്കൗണ്ട് തുറക്കുമെന്നത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. തിരഞ്ഞെടുപ്പ് അടുക്കുംതോറും അവരുടെ പ്രവര്‍ത്തനം ഗൗരവമില്ലാതാവുകയാണ്. ബാറിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. വീണ്ടും ബാര്‍ തുറക്കുകയെന്നത് ജനം അംഗീകരിക്കില്ല. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് ഇടതിന്റെ ശ്രമം. ഇതില്‍നിന്നു ഭിന്നമായി കേരളം രക്ഷപ്പെടുന്നുവെന്നതാണ് യുഡിഎഫ് ഭരണത്തില്‍ കണ്ടത്.
[related]വന്‍തോതില്‍ അഴിമതിയാരോപണം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെയുണ്ടായിട്ടില്ല. ആരോപണങ്ങള്‍ ശരിയല്ലെന്ന് പിന്നീട് തെളിയുകയാണ്. മുഖ്യമന്ത്രിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ ചിന്തിക്കുന്നത്തന്നെ ഇതിനുദാഹരണമാണ്.
വിവിധ വിഭാഗങ്ങളെ നോക്കിയല്ല മുസ്‌ലിംലീഗില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതെന്ന് വനിതാ പ്രാതിനിധ്യമില്ലാത്തതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിനു കീഴിലെ നാമനിര്‍ദേശം ചെയ്ത പല പദവികളിലും ലീഗ് വനിതാ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാഷിസത്തിനെതിരേ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ സഖ്യകക്ഷിയെന്ന നിലയില്‍ ലീഗിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it