thiruvananthapuram local

നിലപാട് തിരുത്തിയില്ലെങ്കില്‍ കേരളം നിയമ നടപടിയുമായി മുന്നോട്ടുപോവും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി കേരളഹൗസിലെ റെയ്ഡ് ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനും ആരെയൊക്കെയോ തൃപ്തിപ്പെടുത്താനും വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമപരമായ പരിശോധനയും ഉത്തരവാദിത്വവുമാണ് തങ്ങള്‍ ചെയ്തതെന്ന ന്യായീകരണത്തില്‍ ഡല്‍ഹി പോലിസ് ഉറച്ചുനിന്നാല്‍ നിയമനടപടിയുമായി കേരളം മുന്നോട്ടുപോവും. നിരോധിക്കാത്തിടത്തോളം കാലം കേരളാ ഹൗസില്‍ ഇനിയും പോത്തിറച്ചിയുടെ പാചകവും വിതരണവും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളാ ഹൗസില്‍ ഡല്‍ഹി പോലിസ് മുന്‍കൂട്ടി അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെ നടത്തിയ റെയ്ഡില്‍ മന്ത്രിസഭായോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഡല്‍ഹി പോലിസ് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ തകിടം മറിച്ചു. നിയമലംഘനവും നടത്തി. നിയമപരമായ നടപടിയെന്ന നിലപാടാണ് ഡല്‍ഹി പോലിസിന്റേതെങ്കില്‍ സംസ്ഥാനം അതിനെ തള്ളിക്കളയുകയാണ്. കേരളഹൗസില്‍ റെയ്ഡ് നടത്തിയതിലെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും അയച്ച കത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.
പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഇത് നിയമ ലംഘനമാണെന്ന് മനസ്സിലായിട്ടുണ്ട്. തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, തെറ്റ് ചെയ്തിട്ടില്ലെന്നതാണ് നിലപാടെങ്കില്‍ കേരളം നിയമപരമായ വഴിയിലൂടെ നേരിടും. രാജ്യത്തെ നിയമം കേരളം പൂര്‍ണമായി പാലിക്കുന്നുണ്ട്. പശുവിറച്ചിക്ക് ഡല്‍ഹിയില്‍ നിരോധനമുണ്ട്.
എന്നാല്‍, കേരളഹൗസില്‍ പശുവിറച്ചി ഉപയോഗിക്കാറില്ല. തെറ്റുപറ്റിയെന്ന് പറഞ്ഞാല്‍ കേരളം വിശാല മനോഭാവം കാട്ടും. ഇതു സംബന്ധിച്ചുള്ള നടപടി ഉടനുണ്ടാവുമോയെന്ന ചോദ്യത്തിന്, മണിക്കൂര്‍വച്ച് അന്ത്യശാസനം നല്‍കാന്‍ പറ്റില്ലല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിന്റെ നിലപാടുകളെ പിന്തുണച്ച ഡല്‍ഹി മുഖ്യമന്ത്രിയോടും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയോടും നന്ദി പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി പോലിസ്
കമ്മീഷണര്‍ക്കെതിരേ നടപടിയെടുക്കണം: ന്യൂനപക്ഷ കമ്മീഷന്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പൂര്‍ണാധികാരത്തിലുള്ള കേരളഹൗസില്‍ ബീഫ് ഉപയോഗിക്കുന്നു എന്ന പേരില്‍ റെയ്ഡ് നടത്തിയ സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി. സംസ്ഥാനത്തോടുള്ള അവഹേളനവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നാക്രമണവുമാണിത്.
ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്തും ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കാതെയും നടത്തിയ റെയ്ഡിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സാധൂകരിക്കുന്ന ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കെതിരേ നടപടി സ്വീകരിക്കണം.
ഇക്കാര്യത്തി ല്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന് കേരള ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് കത്ത് നല്‍കും. ബീഫിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രോല്‍സാഹനം ചെയ്യുന്നവര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ അഭ്യര്‍ഥിച്ചു.
സാംസ്‌കാരിക
നായകര്‍ ശക്തമായി പ്രതികരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കൊല്ലം: ബീഫ് വിവാദവുമായി ബന്ധപ്പെട്ട് കേരളഹൗസില്‍ പോലിസ് നടത്തിയ റെയ്ഡിനെതിരേ സാംസ്‌കാരിക നായകര്‍ ശക്തമായി പ്രതികരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഖജാഞ്ചിയും സംസ്ഥാന വ്യവസായ-ഐടി മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ഇരവിപുരം പഴയാറ്റിന്‍കുഴിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഹൗസില്‍ നടന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാണ്. ഫാഷിസ്റ്റ് ഭീഷണികളെ മുളയിലെ നുള്ളിക്കളയണം. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര അജണ്ട കേരളത്തില്‍ വ്യാപിപ്പിക്കാനുള്ള ശ്രമം: ചെന്നിത്തല
മലപ്പുറം/ പാലക്കാട്: ബിജെപി ഉള്‍ക്കൊള്ളുന്ന സംഘപരിവാരത്തിന്റെ അജണ്ട കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങിയെന്നതിന്റെ സൂചനയാണ് ഡല്‍ഹിയിലെ കേരളഹൗസില്‍ ബീഫിന്റെ പേരില്‍ നടത്തിയ കയ്യേറ്റമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാനത്തോടുള്ള അവഹേളനവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നാക്രമണവുമാണിത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു. മലപ്പുറത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളഹൗസ് സംഭവത്തില്‍ കേന്ദ്രം പ്രതികരിച്ച രീതി ഒട്ടും തൃപ്തികരമല്ല. കേരള ഹൗസില്‍ എന്തു ഭക്ഷണമുണ്ടാക്കണമെന്ന് തീരുമാനിക്കുന്നത് ഡല്‍ഹി പോലിസോ ബിജെപിയൊ മോദിയോ അല്ല.
രാജ്യത്ത് ഏതുവസ്ത്രം ധരിക്കണം, ഏതു ഭക്ഷണം കഴിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബിജെപിയോ സംഘപരിവാരമോ ഏറ്റെടുക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആസ്ഥാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് കൈയേറ്റം നടന്നത്. ഇത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, സാംബന്‍, സുരേഷ്, മഹേഷ്‌കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it