നിലപാട് കടുപ്പിച്ച് കണ്‍സ്യൂമര്‍ ഫെഡ് സപ്ലൈകോ അസോസിയേഷന്‍; കുടിശ്ശിക തീര്‍ക്കാതെ സാധനങ്ങള്‍ നല്‍കില്ല

കൊച്ചി: ഭരണസമിതി സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും കോടികളുടെ അഴിമതിക്കഥകള്‍ പുറത്തുവരുകയും ചെയ്തതിനു പിന്നാലെ കണ്‍സ്യൂമര്‍ ഫെഡ് വീണ്ടും പ്രതിസന്ധിയിലേക്ക്. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ വകയിലുള്ള കുടിശ്ശിക തീര്‍ക്കാതെ കണ്‍സ്യൂമര്‍ ഫെഡിലേക്ക് ഇനി സാധനങ്ങള്‍ വിതരണം ചെയ്യില്ലെന്ന് വിതരണക്കാരുടെ സംഘടനയായ കണ്‍സ്യൂമര്‍ ഫെഡ് സപ്ലൈകോ അസോസിയേഷന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ബഹിഷ്‌കരിക്കും. 326 കോടിരൂപയാണ് ഇനി കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. 362 കോടിയായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് വിതരണക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നേരത്തെ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് കണ്‍സ്യൂമര്‍ ഫെഡ് 150 കോടി വായ്പയെടുക്കുമെന്നും വിതരണക്കാരുടെ കുടിശ്ശികയെല്ലാം തീര്‍ക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ഓണക്കാലത്ത് സാധനങ്ങള്‍ വിതരണം ചെയ്തു.

വിതരണം ചെയ്ത സാധനങ്ങളുടെ തുകയും കുടിശ്ശികയുടെ 13 ശതമാനവും മാത്രമാണ് ഇതേവരെ തങ്ങള്‍ക്കു ലഭിച്ചതെന്നും ബാക്കി 326 കോടി രൂപ കുടിശ്ശികയായി നില്‍ക്കുകയാണെന്നും കണ്‍സ്യൂമര്‍ ഫെഡ് സപ്ലൈകോ അസോസിയേഷന്‍ ഖജാഞ്ചി കെ എച്ച് നൗഷാദ് തേജസിനോട് പറഞ്ഞു. ടോമിന്‍ ജെ തച്ചങ്കരി എം.ഡിയായി വന്നപ്പോള്‍ കുടിശ്ശിക തീര്‍ക്കാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കാര്യമായ പ്രയോജനമുണ്ടായില്ല. തച്ചങ്കരി മാറി പകരം ഡോ. എസ് രത്‌നകുമാരന്‍ എത്തിയെങ്കിലും യാതൊരുവിധ നടപടിയും ഇല്ലെന്നും നൗഷാദ് പറഞ്ഞു. ഇതരസംസ്ഥാനങ്ങൡനിന്ന് സാധനങ്ങള്‍ വാങ്ങിയാണ് വിതരണക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിനു നല്‍കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് കൃത്യമായി പണം നല്‍കാത്തതിനാല്‍ പലരും വന്‍ കടബാധ്യതയിലാണ്. ഈ സാഹചര്യത്തില്‍ പുതിയ ടെന്‍ഡര്‍ ബഹിഷ്‌കരിക്കുമെന്നും നൗഷാദ് പറഞ്ഞു.
Next Story

RELATED STORIES

Share it