നിലപാടുകള്‍ ശരി; പ്ലീനം ഡിസംബര്‍ 27 മുതല്‍: യെച്ചൂരി

ന്യൂഡല്‍ഹി: പാര്‍ട്ടി വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതിനായി സിപിഎം സംഘടിപ്പിക്കുന്ന പ്ലീനം ഡിസംബര്‍ 27 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ നടക്കും. പാര്‍ട്ടി സംഘടനാ വിഷയങ്ങളും സംവിധാനം സംബന്ധിച്ച പ്രമേയവും റിപോര്‍ട്ടും പ്ലീനം തയ്യാറാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് ദിവസം നീളുന്ന പ്ലീനത്തിന്റെ ചര്‍ച്ചകളില്‍ 436 പ്രതിനിധികള്‍ പങ്കെടുക്കും. പ്ലീനത്തില്‍ ചര്‍ച്ച ചെയ്യേണ്ട കരട് റിപോര്‍ട്ട് തയ്യാറാക്കാനായി നാല് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.
പ്ലീനത്തിന്റെ ലോഗോയും ഇന്നലെ പുറത്തിറക്കി. സിപിഎം പശ്ചിമബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ പ്ലീനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 27ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പത്ത് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയോടയാണ് പ്ലീനത്തിന് തുടക്കമാവുക. ഇപ്പോള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ 100 ശതമാനം ശരിയാണ്. പാര്‍ട്ടി നയങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള സംഘടനാ സംവിധാനമുണ്ടാക്കും. പശ്ചിമ ബംഗാളില്‍ ജനങ്ങളുടെ സുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ബംഗാളില്‍ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവിടെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്സും രഹസ്യധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന വര്‍ഗീയ അസഹിഷ്ണുതയ്‌ക്കെതിരെ ഡിസംബര്‍ ഒന്നു മുതല്‍ ആറുവരെ ബംഗാളില്‍ ഇടതുകക്ഷികള്‍ വന്‍ പ്രചാരണം നടത്തുമെന്നും യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it