നിലപാടിലുറച്ച് ജോണി നെല്ലൂരും അനൂപ് ജേക്കബും

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ ആഭ്യന്തര കലഹം കൂടുതല്‍ രൂക്ഷമാവുന്നു. ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച ജോണി നെല്ലൂര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം, പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി നാളെ യോഗം ചേരും. സീറ്റ് വിഭജന ചര്‍ച്ചകളില്‍ പൂര്‍ണ തൃപ്തിയെന്ന മന്ത്രി അനൂപ് ജേക്കബിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നായിരുന്നു ജോണി നെല്ലൂര്‍ പറഞ്ഞത്.
പാര്‍ട്ടി ചെയര്‍മാനായ തന്നെ തള്ളി മന്ത്രി രംഗത്തുവന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജോണി നെല്ലൂര്‍. പിറവം സീറ്റ് ഉറപ്പാക്കി അനൂപ് ജേക്കബ് വഞ്ചിച്ചതായും ജോണി നെല്ലൂര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അങ്കമാലി സീറ്റ് ലഭിക്കുന്നതൊഴികെയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് അദ്ദേഹം.
അതേസമയം, തിരഞ്ഞെടുപ്പിനു തൊട്ട് മുമ്പ് മുന്നണിയെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനം തന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് അനൂപ് ജേക്കബും വ്യക്തമാക്കുന്നു. ഏതെങ്കിലും സീറ്റ് ജോണി നെല്ലൂരിനു തരപ്പെടുത്തി നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും അനൂപ് നടത്തുന്നുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കില്‍ക്കൂടി മാന്യമായ അക്കോമഡേഷന്‍ ജോണി നെല്ലൂരിന് യുഡിഎഫ് നല്‍കുമെന്നും അനൂപ് പറയുന്നു. നാളെയാണ് ജേക്കബ് വിഭാഗവുമായി യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ജോണി നെല്ലൂരിന്റെ പ്രശ്‌നം അവിടെ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ ജോണി നെല്ലൂര്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്.
പ്രശ്‌ന പരിഹാരത്തിനായി ഉഭയകക്ഷി ചര്‍ച്ചയ്ക്കു മുമ്പ് ജേക്കബ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതിയും ചേരുന്നുണ്ട്. ഈ യോഗത്തിലും ജോണി നെല്ലൂര്‍ പങ്കെടുക്കുന്ന കാര്യം ഉറപ്പില്ല. താന്‍ പാര്‍ട്ടിയില്‍ത്തന്നെ തുടരുമെന്നാണ് ജോണി നെല്ലൂര്‍ അവകാശപ്പെടുന്നതെങ്കിലും പാര്‍ട്ടി വിടാനുള്ള സാധ്യതയാണ് ഏറെ. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട്.
Next Story

RELATED STORIES

Share it