നിലം നികത്താന്‍ അനുമതി നല്‍കിയതു വിവാദത്തില്‍

വൈക്കം: ഭൂപരിഷ്‌കരണ നിയമങ്ങള്‍ ലംഘിച്ചു നിലം നികത്താന്‍ സ്വകാര്യ കമ്പനി—ക്ക് അനുമതി നല്‍കിയ റവന്യൂ വകുപ്പ് നടപടി വിവാദത്തിലേക്ക്. കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ അറാതുകരി പാടശേഖരം ഉള്‍പ്പെടുന്ന 150.73 ഏക്കര്‍ നിലം നികത്താനാണ് 2016 ഫെബ്രുവരി 3ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യ വ്യവസായം, വിവര സാങ്കേതിക വിദ്യഎന്നിവയുള്‍പ്പെടുന്ന പദ്ധതി—ക്ക് സമൃദ്ധി വില്ലേജ് പ്രൊജക്റ്റ് ആരംഭിക്കുന്നതിനായാണു നിലം നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്മാര്‍ട്ട് ടൗണ്‍ഷിപ് പ്രൈവറ്റ് ലിമിറ്റഡിനാണ് അനുമതി നല്‍കിയത്. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81(3) പ്രകാരം വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കു മിച്ചഭൂമി ആയി പരമാവധി 15 ഏക്കര്‍ ഭൂമിയാണു കൈവശം വയ്ക്കാവുന്നത്. 600 ഏക്കറിലധികം വരുന്ന അരികുപുറം, പുത്തന്‍കരി, വടക്കേ കീച്ചേരികരി, തെക്കേ കീച്ചേരികരി പാടശേഖരത്തിന്റെ ഇടയിലായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 150.73 ഏക്കര്‍ അറാതുകരി പാടമാണു നികത്താന്‍ ഉത്തരവായത്.
ബ്രഹ്മമംഗലം നീര്‍ത്തടമെന്നറിയപ്പെടുന്ന ഇവിടെ പഞ്ചായത്തിന്റെ നീര്‍ത്തട മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. നിരവധി തോടുകളും ചെറുപുഴയുമുള്ള ഇവിടം മണ്ണിട്ടു നികത്തുന്നതു കൃഷി—ക്കും മല്‍സ്യ സമ്പത്തിനും ഭീഷണിയാവുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും. പദ്ധതിക്കായി ഏതാനും വര്‍ഷം മുമ്പ് കമ്പനി ശ്രമിച്ചപ്പോള്‍ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് അന്നു കോട്ടയം കലക്ടറായിരുന്ന മിനി ആന്റണി സ്ഥലം നേരില്‍ സന്ദര്‍ശിച്ചു കൃഷിസ്ഥലമാണെന്നു ബോധ്യപ്പെട്ടു നികത്താനുള്ള അനുമതി നിഷേധിച്ചിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരും നിലവും നീര്‍ച്ചാലുകളും നികത്തിയുള്ള പദ്ധതിക്കെതിരായാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
30 ഏക്കറോളം പുറമ്പോക്ക് ഭൂമി ഇവിടെയുണ്ടെന്ന നാട്ടുകാരുടെ നിലപാടിനു മുന്നില്‍ പത്തേക്കര്‍ ഭൂമിയുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 2012ല്‍ രഹസ്യമായി വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഇവിടെ ഈ ഉത്തരവുകൂടി വരുന്നതോടെ തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ നിയമങ്ങളെ അട്ടിമറിച്ചു നിര്‍മാണം ആരംഭിക്കാനാണു നീക്കം.
Next Story

RELATED STORIES

Share it