Kollam Local

നിലം നികത്തല്‍ നാട്ടുകാര്‍ തടഞ്ഞു; എസ്‌കവേറ്ററുകള്‍ പിടിച്ചെടുത്തു

ചാത്തന്നൂര്‍: ഏക്കറു കണക്കിനുള്ള നിലം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. പരവൂര്‍ നെടുങ്ങോലം വടക്കെ മുക്കിനു സമീപം നടന്നു വന്ന വന്‍തോതിലുള്ള നിലം നികത്തലാണ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞത്.

നികത്താനുപയോഗിച്ച രണ്ടു എസ്‌കവേറ്ററുകള്‍, മണ്ണ് നിരത്താനുള്ള മെഷീന്‍ എന്നിവ നാട്ടുകാര്‍ പരവൂര്‍ പോലിസിന് കൈമാറി. കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലാക്കി മറച്ചിരുന്ന മൂന്ന് ഹെക്ടറിലേറെ വരുന്ന നിലവും വെള്ളക്കെട്ടുമാണ് നികത്തി വന്നത്.
ഇന്നലെ രാവിലെ ഏഴുമുതല്‍ നിലംനികത്തല്‍ ആരംഭിച്ചതറിഞ്ഞ് നാട്ടുകാര്‍ തടയാനായി എത്തിയെങ്കിലും അകത്തുനിന്ന് ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും അകത്തു കടക്കാനായില്ല. തുടര്‍ന്ന് ആര്‍ഡിഒ വിശ്വനാഥന്‍, തഹസില്‍ദാര്‍ എംഎച്ച് ഷാനവാസ്ഖാന്‍, പരവൂര്‍ വില്ലേജ് ഓഫിസര്‍ ജ്യോതിഷ്‌കുമാര്‍ എന്നിവരെ വിവരം അറിയിച്ചു. ഇതിനിടെ മറുവശത്തുകൂടി വളപ്പിനുള്ളില്‍ കടന്ന് നിലം നികത്തല്‍ തടഞ്ഞ നാട്ടുകാര്‍ എസ്‌കവേറ്ററുകളും മറ്റ് മെഷിനുകളും തടഞ്ഞിട്ടു. ഈ സമയം മണ്ണുമാറ്റാനുപയോഗിച്ച രണ്ട് ടിപ്പറുകള്‍ അതിവേഗത്തില്‍ ഓടിച്ച് സംഭവസ്ഥലത്തു നിന്നും കടത്തി.പരവൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 32 ല്‍ വരുന്ന 348/4, 348/5 സര്‍വ്വേ നമ്പരുകളില്‍പ്പെട്ട മൂന്ന് ഹെക്ടര്‍ നിലമാണ് നികത്താന്‍ തുടങ്ങിയതെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു. ഇതില്‍ രണ്ടര ഏക്കറോളം നികത്തി ക്കഴിഞ്ഞു. റവന്യൂ രേഖകളിലുള്ള ആറ് മീറ്റര്‍ വീതിയുള്ള തോടും ഇതിനകം പൂര്‍ണമായും നികത്തിയിരുന്നു. നിലത്തോടു ചേര്‍ന്നുള്ള കുന്ന് ഇടിച്ച് മണ്ണെടുത്താണ് നിലം നികത്തിവന്നത്. ആര്‍ഡിഓയുടെ നിര്‍ദ്ദേശപ്രകാരം മീനാട് വില്ലേജില്‍ ഏറം വിളയില്‍ വീട്ടില്‍ ഷിബു ഷണ്‍മുഖദാസിനെതിരേ വില്ലേജ് ഓഫിസര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. പരവൂര്‍ പോലിസ് എത്തി രണ്ട് ജെസിബികളും മണ്ണ് നിരത്താനുള്ള മെഷീനും പിടിച്ചെടുത്ത് കേസെടുത്തു.
Next Story

RELATED STORIES

Share it