azchavattam

നിറവ്

നിറവ്
X
ഷിനില  മാത്തോട്ടത്തില്‍

niravറിവും അധ്വാനവും കലയും സാമൂഹിക നന്മയ്ക്ക് എന്ന ആശയത്തിലൂന്നി പ്രകൃതിയിലേക്കിറങ്ങിച്ചെന്ന് നേടിയെടുത്ത വിജയത്തിന്റെ കഥകളാണ് 'നിറവ്' കൂട്ടായ്മയിലെ 101 കുടുംബങ്ങളുടേത്. 10 വര്‍ഷത്തിനിടെ ഇടറാതെ ഓരോ പടിയും മുന്നോട്ടുനീങ്ങി പ്രതിബന്ധങ്ങളെ കീഴടക്കിയുള്ള നിറവിന്റെ പ്രയാണം പുതിയ മേഖലകളിലൂടെ കുതിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന്റെ ഒഴുക്കില്‍ കാര്‍ഷികരംഗത്തെ അന്യം നിന്നുപോയ സമ്പ്രദായങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കിയും അവയെ സംരക്ഷിച്ചും കോഴിക്കോട് വേങ്ങേരിയിലെ 'നിറവ്' ഒരു സംസ്‌കാരമാണ് വീണ്ടെടുക്കുന്നത്.  ഏഴു സ്ത്രീകളുടെഅര്‍ബുദ ബാധ    ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലെ വിഷാംശത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചും അധികമാരും ബോധവാന്മാരല്ലാതിരുന്ന കാലത്ത് അപകടത്തിന്റെ തീവ്രത മനസ്സിലാക്കി ഞങ്ങള്‍ക്കിനി വിഷപ്പച്ചക്കറികള്‍ വേണ്ടെന്നു പ്രഖ്യാപിച്ചവരാണ് നിറവിലെ കുടുംബങ്ങള്‍. ഇന്ന് പലയിടത്തും ജൈവകാര്‍ഷികരീതികള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇതൊന്നുമില്ലാതിരുന്ന കാലത്താണ് നിറവ് തങ്ങളുടെ കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചത്. 2006ല്‍ ബാബു പറമ്പത്തിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണത്തോടെയാണ് തുടക്കം. ഇതിനു പിന്നില്‍ ഒരു കാരണമുണ്ട്. നിറവിന്റെ ചുറ്റുപാടില്‍ താമസിക്കുന്ന ഏഴു കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാരകമായ അര്‍ബുദബാധയുണ്ടായി. പുകവലിയോ മദ്യപാനമോ ഒന്നും തന്നെയില്ലാത്ത സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിച്ചതിന്റെ കാരണമറിയാന്‍ നാട്ടുകാര്‍ ഒരു ശ്രമം നടത്തി. ഒടുവില്‍ ഇവര്‍ ഏറെ ഞെട്ടലോടെ അതിനുള്ള കാരണവും തിരിച്ചറിഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന പച്ചക്കറികളാണ് വില്ലന്‍. അടുക്കളയില്‍ പച്ചക്കറികള്‍ കൈകാര്യം ചെയ്യുമ്പോള്‍ പച്ചക്കറികളിലടങ്ങിയ മാരക കീടനാശിനികള്‍ സ്ത്രീകളുടെ കൈകളിലെ മുറിവുകളിലൂടെയും മറ്റും ശരീരത്തിനുള്ളില്‍ കടക്കുന്നു. പിന്നീട് ഈ വിഷാംശങ്ങളാണ് അര്‍ബുദത്തിനു കാരണമാവുന്നത്. ആയിടയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറികള്‍ കൊണ്ടുവന്ന ഒരു ലോറി പുഴയിലേക്ക് മറിയുകയും തുടര്‍ന്ന് പുഴയിലെ മല്‍സ്യങ്ങളെല്ലാം ചത്തുപൊങ്ങാനിടയായതും ഇവരുടെ നിഗമനങ്ങളെ ബലപ്പെടുത്തി.പ്ലാസ്റ്റിക് വിമുക്ത ദേശംജൈവകൃഷിരീതിയിലേക്ക് കടക്കാനുള്ള നിറവിന്റെ തീരുമാനം ദീര്‍ഘവീക്ഷണമുള്ളതും ദൃഢനിശ്ചയമുള്ളതുമായിരുന്നു. കൃഷിയിലേക്കിറങ്ങണമെങ്കില്‍ പ്ലാസ്്റ്റിക്കും മറ്റു മാലിന്യങ്ങള്‍ കൊണ്ടും നിറഞ്ഞുനില്‍ക്കുന്ന തങ്ങളുടെ പറമ്പ് വൃത്തിയാക്കി മണ്ണിന് നഷ്ടപ്പെട്ട ജീവന്‍ തിരിച്ചു നല്‍കുകയാണ് ആദ്യം വേണ്ടതെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. സ്വന്തം വീടുകളിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനമായിരുന്നു ആദ്യഘട്ടത്തില്‍ തങ്ങളുടെ ലക്ഷ്യമെന്ന് നിറവിലെ അംഗങ്ങള്‍ പറയുന്നു. തുടര്‍ന്ന്, കൂട്ടായ്മയിലെ കുടുംബങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കുകളും മറ്റ് അവശിഷ്ടങ്ങളും വെവ്വേറെ ശേഖരിക്കുകയും ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് നിര്‍മാണത്തിനുപയോഗിച്ച് പ്ലാസ്റ്റിക്കുകള്‍ സംസ്‌കരണശാലകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വൈകാതെ വേങ്ങേരി പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപനവും നടത്തി. വര്‍ഷത്തില്‍ അഞ്ചുതവണ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരണശാലകളിലേക്ക് കൊണ്ടുപോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇവര്‍ക്ക് അതിന്റെ ആവശ്യം വരാറില്ല. പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം ഇവര്‍ സ്വന്തമായി നിര്‍മിക്കുന്ന തുണിസഞ്ചികള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവു കുറച്ചു. ജൈവമാലിന്യങ്ങള്‍ മണ്ണിനു നല്‍കി. ഇതിനു പിന്നാലെ പ്രദേശത്തെ മുഴുവന്‍ മാലിന്യസംസ്‌കരണദൗത്യവും ഏറ്റെടുക്കാന്‍ ശേഷിയാര്‍ജിച്ച നിറവ്, കോര്‍പറേഷന്റെ കരാറുകള്‍ കൂടി ഏറ്റെടുക്കാന്‍ തുടങ്ങിയത് വഴിത്തിരിവായി. മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ നിറവിനെ പിന്തുണച്ചു. ഈ ദൗത്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിനാലാവാം           നബാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ് എന്നിവയില്‍ നിന്നും വന്‍ പ്രോല്‍സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകള്‍ നിറവിലെ ഓരോ വീട്ടിലും സ്ഥാപിച്ചിട്ടുണ്ട്.  കരിപ്പൂര്‍വിമാനത്താവളത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് അവിടെ പച്ചപ്പിന്റെ വിത്തുകള്‍ പാകാന്‍ സാധിച്ചത് നിറവിന്റെ നേട്ടങ്ങളിലൊന്നാണ്. മാലിന്യക്കൂമ്പാരം കാരണം ഒട്ടനവധി പ്രശ്‌നങ്ങള്‍ നേരിട്ട വിമാനത്താവളത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത്, അവ എങ്ങനെ സംസ്‌കരിക്കണമെന്നും ഉപയോഗശൂന്യമായി കിടക്കുന്ന പ്രദേശങ്ങളില്‍ എങ്ങനെ പച്ചപ്പിന്റെ പുതുനാമ്പുകള്‍ വിരിയിക്കാമെന്നും നിറവ് പഠിപ്പിച്ചുകൊടുത്തു. വിമാനത്താവളത്തിന്റെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ ജൈവകൃഷിയിലേര്‍പ്പെട്ടിരിക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. വിതയ്ക്കാനുള്ള വിത്തുകള്‍ നല്‍കിയതും നിറവു തന്നെ. ഇന്ത്യയില്‍ തന്നെ ഏറ്റവും ഫലപ്രദമായ രീതിയില്‍ മാലിന്യസംസ്‌കരണം നടക്കുന്ന വിമാനത്താവളങ്ങളിലൊന്നായി കരിപ്പൂര്‍ മാറിക്കഴിഞ്ഞു. 2015 ജൂണ്‍ മാസത്തില്‍ രാജ്യത്ത് ആദ്യമായി മാലിന്യം വേര്‍തിരിച്ച് പുനരുപയോഗം നടത്തുന്ന പദ്ധതി ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നടപ്പാക്കിയപ്പോള്‍ അതിന്റെ ചുമതല ഏറ്റെടുത്തത് നിറവ് കണ്‍സള്‍ട്ടന്‍സിയായിരുന്നു. അവസാനമായി കഴിഞ്ഞ ജനുവരിയില്‍ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് മാനാഞ്ചിറ വൃത്തിയാക്കുന്ന ദൗത്യവും ലക്ഷങ്ങള്‍ മുടക്കി നിറവ് പൂര്‍ത്തിയാക്കി. വെസ്റ്റ് ഹില്ലിലെ പ്ലാസ്റ്റിക് റീസൈക്ലിങ് സെന്ററുകളിലായിരുന്നു ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ തുടക്കത്തില്‍ എത്തിച്ചിരുന്നത്. ഇപ്പോള്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിറവിന് സ്വന്തമായി സംസ്‌കരണ യൂനിറ്റുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് അവിടെയാണ്. കക്കോടിപ്പുഴയുടെ സംരക്ഷണംഗ്രീന്‍വേള്‍ഡ് എന്ന പേരില്‍ കക്കോടി പുഴയെ സംരക്ഷിക്കുന്ന ദൗത്യവും നിറവ് ചെയ്തു വരുന്നുണ്ട്. മരിച്ചുകൊണ്ടിരിക്കുന്ന പുഴകളെ സംരക്ഷിക്കുക എന്നതാണ് നിറവിന്റെ അടുത്ത ലക്ഷ്യമെന്ന് നിറവ് ഡയറക്ടര്‍ എപി സത്യന്‍ പറയുന്നു. വീടും മുറ്റവും അടിച്ചുവാരുന്നതിനു പുറമെ, റോഡുകളും അടിച്ചുവാരുന്ന ഒരു കൂട്ടം ആളുകളെ നിറവിലല്ലാതെ മറ്റെവിടെയാണ് നമുക്ക് കാണാന്‍ സാധിക്കുക? പാഴ്‌വസ്തുക്കളില്‍ നിന്നും തുണിസഞ്ചികള്‍, ചവിട്ടികള്‍ തുടങ്ങിയവയും നിറവിലെ അംഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നിറവ് സൃഷ്ടിച്ച വിസ്മയപ്പച്ചകള്‍ കണ്ടാല്‍  എന്തുകൊണ്ട് നമുക്കും അങ്ങനെയായിക്കൂടാ എന്നു ചിന്തിക്കാത്തവര്‍ കുറവായിരിക്കും. പലയിനം ജൈവവിത്തുകള്‍ തേടിപ്പിടിച്ചാണ് നിറവ് ജൈവകൃഷി വിപുലപ്പെടുത്തിയത്. വാഴ, ചീര, വെണ്ട, തക്കാളി, മുളക്, ചേന, ചേമ്പ്, വെള്ളരി, മത്തന്‍, വഴുതന, പടവലം തുടങ്ങി എല്ലാവിധ പച്ചക്കറികളും നിറവിലെ കുടുംബങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. അന്യം നിന്നുപോയ വേങ്ങേരി വഴുതനയും ഇവയില്‍ പെടും. പേരാമ്പ്രയിലെ ആദിവാസി സമൂഹത്തില്‍ നിന്നാണ് ഇവര്‍ നീളന്‍ വഴുതനയുടെ വിത്തുകള്‍ ശേഖരിച്ചത്. 70 സെന്റിമീറ്ററിലധികം നീളത്തില്‍ വളരുന്ന സാധാരണയിനങ്ങളേക്കാള്‍ രുചിയും ഗുണവും ഏറെയുള്ള ഈ വഴുതന ഇപ്പോള്‍ വേങ്ങേരി വഴുതനയെന്നാണ് കേരളം മുഴുവന്‍ അറിയപ്പെടുന്നത്. 2006ല്‍ അഞ്ച് ഏക്കര്‍ സ്ഥലത്തുള്ള നെല്‍ക്കൃഷിയോടെയാണ് നിറവിന്റെ കാര്‍ഷികമേഖലയിലെ തുടക്കം. സ്ഥലം കുറവായവര്‍ ചട്ടിയിലും കവറിലുമായും ഒട്ടും സ്ഥലമില്ലാത്തവര്‍ റോഡിന്റെ വശങ്ങളിലും കൃഷി ചെയ്യുന്ന കാഴ്ച നിറവില്‍ കാണാം. നബാര്‍ഡിന്റെയും സിഡബ്ല്യുആര്‍ഡിഎമ്മിന്റെയും സഹായവും നിറവിനുണ്ട്. 101 കുടുംബങ്ങള്‍ക്കായി നിറവിനു സ്വന്തമായി ഒരു പശു കൂടിയുണ്ട്. ഇപ്പോള്‍ അതിനൊരു കുഞ്ഞും. കാസര്‍കോഡ് കുള്ളന്‍ വിഭാഗത്തില്‍ പെട്ട ഈ പശുവില്‍ നിന്നാണ് നിറവിലെ കൃഷികള്‍ക്കായി ഓരോരുത്തരും ചാണകവും മൂത്രവും കൊണ്ടുപോവുന്നത്. തങ്ങളുടെ ഓരോരുത്തരുടെയും സ്വന്തം പശുവാണിതെന്നാണ് ഇവര്‍ പറയുന്നത്. മറ്റു പശുക്കളില്‍നിന്നു വ്യത്യസ്തമായി കാസര്‍കോഡ് കുള്ളനില്‍ ജൈവകൃഷിക്കാവശ്യമായ ധാതുലവണങ്ങള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. വേനലില്‍ കിണറുകള്‍ വറ്റിവരളുന്നത് നിറവിന്റെ സമീപപ്രദേശങ്ങളില്‍ പതിവായി കണ്ടുവരുന്ന പ്രശ്‌നമായിരുന്നു. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെരിഞ്ഞ സ്ഥലങ്ങളില്‍ മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം തടഞ്ഞുനിര്‍ത്തി സംരക്ഷിക്കുന്ന ജലശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചത്. ജലശ്രീ പദ്ധതിയാരംഭിച്ച് അടുത്ത വര്‍ഷം മുതല്‍ നിറവിലെ കിണറുകള്‍ വറ്റാതായി.കൃഷിപ്പുര വെബ്‌സൈറ്റ്2015 മെയ്മാസത്തിലാണ് പരമ്പരാഗതമായ കാര്‍ഷികരീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിറവിന്റെ കൃഷിപ്പുര വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഏതെല്ലാം വിളകള്‍ ഏതെല്ലാം മാസത്തില്‍ നടണം, ഓരോ വിത്തിനും എങ്ങനെ തടമൊരുക്കാം, വളം നല്‍കുന്ന രീതി, പരിചരണരീതികള്‍, വിളവെടുപ്പ്, കീടങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നീ കാര്യങ്ങളെല്ലാം അടങ്ങുന്നതാണ് ഈ പോര്‍ട്ടല്‍. ംംം.ിശൃമ്ൗ.രീാ എന്ന പോര്‍ട്ടലില്‍ നിന്ന് ഈ വിവരങ്ങള്‍ ലഭിക്കും. ഇതിനു പുറമെ വിവിധയിനം ജൈവ കീടനാശിനികള്‍ തയ്യാറാക്കുന്ന രീതിയും ഉപയോഗിക്കേണ്ട രീതിയും എല്ലാം കൃഷിപ്പുരയില്‍ ലഭ്യമാണ്. ജീവാമൃതം, പഞ്ചഗവ്യം, അമൃതപാനി, ഫിഷ് അമിനോമിശ്രിതം തുടങ്ങിയ കീടനാശിനികള്‍ തയ്യാറാക്കുന്നതെങ്ങനെ, വിവിധ കാലാവസ്ഥകളില്‍ കൃഷി ചെയ്യുന്ന പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ലഭിക്കേണ്ട പരിചരണം, മണ്ണൊരുക്കല്‍, ജലസേചനം എന്നതിനു പുറമെ പഴം, പച്ചക്കറി, ഇലവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം പേജുകളുമുണ്ട്.  നിറവിന്റെ ഉല്‍പന്നങ്ങള്‍നിറവിന് കോഴിക്കോട് നടക്കാവില്‍ സ്വന്തമായൊരു ഔട്ട്‌ലെറ്റുണ്ട്. ഇവിടെ നിറവ് വിളയിച്ചെടുത്ത നാടന്‍ ജൈവപച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറിത്തൈകള്‍, വിത്തുകള്‍, മസാലപ്പൊടികള്‍, പഞ്ചഗവ്യം, ഫിഷ് അമിനോ, ജീവാമൃതം, പുകയിലക്കഷായം, വേപ്പിന്‍കുരുസത്ത്, വെളുത്തുള്ളിക്കഷായം തുടങ്ങി വിവിധ ജൈവകീടനാശിനികള്‍ തുടങ്ങി നിറവന്റെ എല്ലാ ഉല്‍പന്നങ്ങളും ലഭ്യമാണ്. നിറവിന്റെ ഉല്‍പന്നങ്ങള്‍ സ്ഥിരമായ വിലയ്ക്കാണ് വില്‍ക്കുന്നത്. സാധാരണഗതിയില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്നതായിരിക്കും ഇത്. അതേസമയം, മാര്‍ക്കറ്റിലെ വില ഉയരുന്നതിനനുസരിച്ച് നിറവ് ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാവാറില്ല. ഊര്‍ജശ്രീ പദ്ധതിയിലൂടെ ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങളിലേക്കും ചുവടുവച്ച നിറവിന് ഈ മേഖലയില്‍ ദേശീയാംഗീകാരം ലഭിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി നിറവിലെ എനര്‍ജി കണ്‍സര്‍വേഷന്‍ യൂനിറ്റ് നിര്‍മിച്ച എല്‍ഇഡി ബള്‍ബുകളാണ് ഇപ്പോള്‍ ഇവിടത്തെ വീടുകളില്‍ ഉപയോഗിക്കുന്നത്. 2015ല്‍ ഇതിന് കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ അംഗീകാരവും 50,000 രൂപ സഹായധനവും ലഭിച്ചിരുന്നു. എല്‍ഇഡി ബള്‍ബുകളും സോളാര്‍ പാനലും പുറത്തുള്ള മാര്‍ക്കറ്റിലും നിറവ് വിതരണം ചെയ്യുന്നുണ്ട്. ഐടി അറ്റ് നിറവ്2014 നവംബര്‍ മാസത്തിലാണ് നിറവ് ഐടി രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ചെറിയ സംരംഭങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചു നല്‍കുന്നതിനും നിറവ് കൂട്ടായ്മ തയ്യാറായിക്കഴിഞ്ഞു. നിറവിലെ ഐടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്. നാദിര്‍ അലിയാണ് 'സെര്‍വ് ഈസി' സോഫ്റ്റ്‌വെയര്‍ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.  എന്‍ഐടിയിലെ ലാബില്‍ പ്രവര്‍ത്തിക്കുന്ന നിറവിന്റെ ഐടി സംഘത്തില്‍ 10 പേരാണുള്ളത്. എന്‍ഐടിയുടെയും മേഖലാ ശാസ്ത്രകേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം.  നിറവിന് പ്രത്യേകം ആസ്തികളില്ല, ഓഫിസെന്നു പറയാനോ കേന്ദ്രമെന്നു പറയാനോ ഒരു സ്ഥലമില്ല. നിറവിലെ ഓരോ അംഗത്തിന്റെയും വീടുകളാണ് അവരുടെ ഓഫിസ്. തുടക്കം കുറിച്ച് ഏറെ വൈകാതെ തന്നെ 101 കുടുംബങ്ങളില്‍നിന്ന് 1000ത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വാര്‍ഡ് തലത്തിലേക്ക് തങ്ങളുടെ ആശയം വ്യാപിപ്പിക്കാന്‍ നിറവിന് കഴിഞ്ഞു. വാര്‍ഡില്‍ നിന്നു പിന്നീട് വേങ്ങേരി ഗ്രാമത്തിലേക്കും അവിടുന്ന് കോര്‍പറേഷനിലേക്കും നിറവെത്തി. അവിടെയും അവസാനിച്ചില്ല. പിന്നീട് കേരളം മുഴുവനും അറിയപ്പെട്ട നിറവ് റസിഡന്‍സ് അസോസിയേഷന് ഇപ്പോഴിതാ ദേശീയതലത്തിലും അംഗീകാരം ലഭിച്ചിരിക്കുന്നു. എന്തിനധികം പറയുന്നു, നിറവിനെക്കുറിച്ച് പറഞ്ഞുകേട്ട് ദിവസങ്ങള്‍ക്കു മുമ്പ് ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ യോണ്‍ റോഡെ കഴിഞ്ഞയാഴ്ച നിറവ് സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശനവേളയില്‍ ചെറുകിട സോളാര്‍ പദ്ധതി നടപ്പാക്കാന്‍ ജര്‍മനിയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it