നിറമിഴികളുമായി ജമന്തിയെത്തി

തൃശൂര്‍: കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ചന്ദ്രബോസ് ജോലിയില്‍ പ്രവേശിച്ചു. പൊതുമേഖലാ സ്ഥാപനമായ ഔഷധിയില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തികയിലാണു ജമന്തിക്ക് നിയമനം. ഇന്നലെ രാവിലെ ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വീട്ടിലെത്തിയാണു നിയമനോത്തരവ് കൈമാറിയത്. കുട്ടനെല്ലൂരിലെ ഔഷധിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ജമന്തി ജോലിയില്‍ പ്രവേശിച്ചത്.
ചന്ദ്രബോസിനെക്കുറിച്ചുള്ള ഓര്‍മകളുമായി നിറകണ്ണുകളോടെയാണു ജമന്തി ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചതില്‍ ജമന്തി നന്ദിപറഞ്ഞു. പണവും ജോലിയുമൊന്നും ഒന്നിനും പകരമാവില്ലെങ്കിലും ബോസേട്ടന്‍ മരിച്ചതോടെ എല്ലാം നഷ്ടപ്പെട്ട തന്റെ കുടുംബത്തിന് ഈ ജോലി ആശ്വാസമാണെന്നും അവര്‍ പറഞ്ഞു. ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷി, മകള്‍, മറ്റു ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പമാണു ജമന്തി ജോലിക്കെത്തിയത്.
ജമന്തിക്കു ജോലി നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഒരു വര്‍ഷമായിട്ടും പാലിച്ചില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷാവിധി വരുന്നതിന് തലേദിവസം ജമന്തിയെ ജോലിയിലെടുത്ത് ഉത്തരവായത്. ആദ്യം കെഎസ്എഫ്ഇയില്‍ ജോലി നല്‍കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഔഷധിയിലേക്കു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it