നിര്‍മാണമേഖലയില്‍ വ്യത്യസ്തമാര്‍ഗം വികസിപ്പിക്കും: മന്ത്രി ഇബ്രാഹീം കുഞ്ഞ്

കൊച്ചി: നിര്‍മാണരംഗത്ത് പാരമ്പര്യ രീതികള്‍ക്ക് പകരം വ്യത്യസ്തമായ മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുമെന്ന് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ്. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിഭാഗം സംഘടിപ്പിച്ച സിവില്‍ എന്‍ജിനീയറിങ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിത നിര്‍മാണ സാങ്കേതികവിദ്യയെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കും. ഹരിത നിര്‍മാണ നയം ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ച സംസ്ഥാനം കേരളമാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലായിരിക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതും സര്‍ക്കാരിന്റെ നയമാണ്. മിലിറ്ററി എന്‍ജിനീയറിങിനു ശേഷം ഏറ്റവും പഴക്കമുള്ള എന്‍ജിനീയറിങ് ശാഖയാണ് സിവില്‍ എന്‍ജിനീയറിങ്. ശാസ്ത്രീയമായ തന്റെ അറിവുകള്‍ എന്‍ജിനീയര്‍ ശരിയായ ദിശയില്‍ ഉപയോഗിക്കുമ്പോള്‍ ലോകം കൂടുതല്‍ മെച്ചപ്പെട്ടതും ജീവിക്കാന്‍ കുറേക്കൂടി അനുയോജ്യവുമായി തീരുന്നു.
മനുഷ്യജീവിതത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതില്‍ സിവില്‍ എന്‍ജിനീയറിങിലുണ്ടായ സാങ്കേതിക മുന്നേറ്റങ്ങള്‍ സഹായിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ ക്ഷേമത്തിനായി പുത്തന്‍ രീതികളും സാങ്കേതിക വിദ്യയും വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ ലത അധ്യക്ഷത വഹിച്ചു. രജിസ്ത്രാര്‍ ഡോ. എസ് ഡേവിഡ് പീറ്റര്‍, പ്രഫ. ബാബു ടി ജോസ്, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ജി മധു, ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ശോഭ സൈറസ്, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. രേണു പവല്‍സ്, പ്രഫ. ഡോ. കെ എസ് ബീന സംസാരിച്ചു.
Next Story

RELATED STORIES

Share it