kasaragod local

നിര്‍മാണത്തിലെ അപാകത; സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു

ബദിയടുക്ക: നിര്‍മാണത്തിലെ അപാകത മൂലം സ്റ്റേഡിയത്തിന്റെ മേല്‍കൂര തകര്‍ന്നു. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബദിയടുക്ക ബോളുകട്ടയില്‍ പഞ്ചായത്ത് 2013-14 സാമ്പത്തികവര്‍ഷത്തില്‍ കായിക താരങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു.
ഇതിന്റെ പ്രാരംഭ പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി നടക്കുന്നതിനിടയില്‍ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കാണിച്ച് നാട്ടുകാര്‍ രംഗത്തുവന്നതോടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലൂടെ നാട്ടുകാര്‍ നല്‍കിയ പരാതി പിന്‍വലിക്കുകയും 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വീണ്ടും 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നിര്‍മാണ പ്രവൃത്തി നടന്നുവരുന്നതിനിടയിലാണ് മേല്‍കൂര തകര്‍ന്നുവീണത്. കോണ്‍ക്രീറ്റ് പില്ലറുകളും ഘടിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെയോടെയാണ് ഇരുമ്പ് കമ്പികൊണ്ടുള്ള മേല്‍കൂര ഘടിപ്പിക്കാനായി തൊഴിലാളികള്‍ സ്ഥലത്തെത്തിയത്. മേല്‍കൂരയുടെ ജോലി ചെയ്തുകൊണ്ടിരിക്കെ തകര്‍ന്ന് നിലംപൊത്തുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രവൃത്തി നടക്കുന്ന സമയത്ത് അസി. എന്‍ജിനീയറോ, ഓവര്‍സീയറോ ഇവിടെ എത്തിയിരുന്നില്ല. ഇത് അഴിമതിക്ക് ചുക്കാന്‍ പിടിക്കാനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it