നിര്‍ഭയ: കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചു; പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ മോചിപ്പിച്ചു. ഡല്‍ഹിയിലെ ഒരു സന്നദ്ധസംഘടനയ്ക്കാണ് പ്രതിയെ കൈമാറി. ഈ മാസം ഒമ്പതിനു തന്നെ ഇദ്ദേഹത്തെ സന്നദ്ധസംഘടനയ്ക്കു കൈമാറിയതായും റിപോര്‍ട്ടുകളുണ്ട്. തല്‍ക്കാലം സന്നദ്ധസംഘടനയുടെ നിയന്ത്രണത്തില്‍ പാര്‍പ്പിക്കാനാണു തീരുമാനം.
അതേസമയം, സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. ഡല്‍ഹി വനിതാ കമ്മീഷന്റെ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി കേസ് പരിഗണിക്കുന്നത്. പ്രതിയെ പുറത്തുവിട്ട കോടതി ഉത്തരവിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രിംകോടതി നിലപാട് നിര്‍ണായകമാവും. പ്രതിയെ മോചിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
അതേസമയം, മോചനത്തിനെതിരേ ഇന്ത്യാഗേറ്റില്‍ പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. നിരോധനാജ്ഞ അവഗണിച്ച് ഡല്‍ഹിയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കാനെത്തിയ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലിസ് തടഞ്ഞു. പിന്നീട് അവര്‍ ഇന്ത്യാഗേറ്റിലെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
ബാലനീതി നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും കുറ്റകൃത്യം ഉയരാന്‍ ഇടയാക്കുന്നത് നിലവിലെ നിയമമാണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ബാലനീതി നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് മൂന്നുവര്‍ഷത്തെ ശിക്ഷയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചിരുന്നത്. ഈ ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ സന്നദ്ധസംഘടനയ്ക്കു കൈമാറിയത്.
പ്രതി ഇനി സന്നദ്ധസംഘടനയുടെ നിരീക്ഷണത്തിലായിരിക്കും. പെരുമാറ്റവും പ്രവര്‍ത്തനവും സന്നദ്ധസംഘടന നിരീക്ഷിച്ചതിനു ശേഷമായിരിക്കും പൊതുസമൂഹത്തിലേക്കു സ്വതന്ത്രനായി വിടുക. ജയിലില്‍ കഴിഞ്ഞ കുറ്റവാളിയെ ഉടന്‍ തന്നെ പുറത്തുവിടുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നായിരുന്നു എതിര്‍വാദം. ഇതേത്തുടര്‍ന്നാണ് ഇയാളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it