malappuram local

നിര്‍ദിഷ്ട ഹെറിറ്റേജ് മ്യൂസിയത്തിന് മഖ്ദൂമിന്റെ പേരിടണമെന്ന ആവശ്യം ശക്തം

പൊന്നാനി: വിഖ്യാത ചരിത്രകാരന്‍ സൈനുദ്ധീന്‍ മഖ്ദൂമിനെ യുവതലമുറക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ പ്രവര്‍ത്തന കേന്ദ്രമായ പൊന്നാനിയില്‍ ഒന്നുമില്ല. ഈജിപ്തിലെ കെയ്‌റോ സര്‍വകലാശാല ഉള്‍പ്പടെയുള്ള ഗവേഷണ കേന്ദ്രങ്ങള്‍ സൈനുദ്ധീന്‍ മഖ്ദൂമിനെ പഠന വിഷയമാക്കുമ്പോള്‍ പൊന്നാനിയില്‍ മഖ്ദൂമിന് ഒരു സ്മാരകം പോലും നിര്‍മിക്കാനായില്ല. മഖ്ദൂം താമസിക്കുകയും രചനകള്‍ നടത്തുകയും ചെയ്ത വീട് പൊളിച്ചുമാറ്റുകയും ചെയ്തതോടെ ചരിത്രത്തോട് ചെയ്ത കൊടുംപാതകമായി മാറി.—
പൊന്നാനിയുടെ കലാ സാംസ്‌കാരിക സാഹിത്യ പാരമ്പര്യം പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ കോടികള്‍ ചെലവഴിച്ച് പൊന്നാനിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഹെറിട്ടേജ് മ്യൂസിയത്തിലും മഖ്ദൂമിന്റെ ഓര്‍മകള്‍ക്കോ രചനകള്‍ക്കോ ഇടം കിട്ടിയിട്ടില്ല. ഇടശ്ശേരിയും, ഉറൂബും, കുട്ടികൃഷ്ണമാരാരും, വി ടി ഭട്ടതിരിപ്പാടും, കടവനാട് കുട്ടികൃഷ്ണനും നല്‍കിയ സാഹിത്യ സംഭാവനകള്‍ മാത്രമാണ് ഹെറിറ്റേജ് മ്യൂസിയത്തില്‍ ഇടം പിടിച്ചത്.—
നിര്‍മാണം പുരോഗമിക്കുന്ന ഈ മ്യൂസിയത്തിന് മഖ്ദൂമിന്റെ പേരിടണമെന്ന് ആവശ്യം ശക്തമാണ്. ഈ മാസം 22ന് പൊന്നാനിയില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് ഇത് സംബന്ധമായ നിവേദനം നല്‍കാന്‍ വിവിധ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചു. ചമ്രവട്ടം കുറ്റിപ്പുറം ദേശിയ പാതയുടെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പൊന്നാനിയില്‍ എത്തുന്നത്.അന്ന് തന്നെ നിര്‍മാണം പുരോഗമിക്കുന്ന ഹെറിറ്റേജ് മ്യൂസിയം പ്രദേശവും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മഖ്ദൂമിന്റെ കൈപ്പടയില്‍ എഴുതിയ വിഖ്യാത ഗ്രന്ഥങ്ങള്‍ നിലനില്‍ക്കേയാണ് കവിയും എഴുത്തുകാരനും ചരിത്രകാരനും സമര നായകനും പണ്ഡിതനുമായ മഖ്ദൂമിനെ മാറ്റി നിര്‍ത്തുന്നത്.
നിര്‍ദ്ധിഷ്ട ഹെറിറ്റേജ് മ്യൂസിയത്തിന് കേരളത്തിലെ ആദ്യത്തെ ചരിത്രകാരനായ മഖ്ദൂമിന്റെ പേരിടണമെന്ന ആവശ്യം ശക്തമാക്കാന്‍ വിവിധ സാംസ്‌കാരിക സംഘടനകളും തീരുമാനിച്ചിട്ടുണ്ട് .സൈനുദ്ധീന്‍ മഖ്ദൂം രചിച്ച ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീനും, കര്‍മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനും ലോകത്തോളം പ്രശസ്തമാണെങ്കിലും ഇത് സംബന്ധിച്ച പഠനങ്ങളോ ചര്‍ച്ചകളോ പൊന്നാനിക്ക് അന്യമാണ് . രണ്ട് മഖ്ദൂമുമാര്‍ രചിച്ച മൂല്യവത്തായ കവിതകള്‍ ഉള്‍പ്പടെയുള്ള ഗ്രന്ഥങ്ങള്‍ പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ പൊടി പിടിച്ച് കിടക്കുന്നുണ്ടെങ്കിലും ഇവ പുതിയ തലമുറക്ക് പഠനവിധേയമാക്കാന്‍ യാതൊരു സൗകര്യവും ഇനിയുമൊരുങ്ങിയിട്ടില്ല .—വലിയ ജുമുഅത്ത് പള്ളിയുടെയും മൗനത്തുല്‍ ഇസ്‌ലാം സഭയുടെയും ലൈബ്രറികളില്‍ ഇതിന്റെ കൈയെഴുത്ത് പ്രതികള്‍ ഇപ്പോഴുമുണ്ട്.—
ശരിയാംവണ്ണം സംരക്ഷിക്കാത്തതിനാല്‍ പലതും നശിച്ച നിലയിലാണ് . ഇവ പൊതു സമൂഹത്തിന് വായനക്ക് വിധേയമാക്കാന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ചരിത്രകാരന്‍മാരോ സര്‍ക്കാരോ ഇനിയും നടത്തിയിട്ടില്ല .—മഖ്ദൂമിന്റെ ഗ്രന്ഥ രചന നടത്തിയ വീട് പൊളിച്ച് മാറ്റി അവിടെയിപ്പോള്‍ സ്വകാര്യ ട്രസ്റ്റിന്റെ സ്‌കൂള്‍ മുറികളായാണ് പ്രവര്‍ത്തിക്കുന്നത് .—
ഇതിനെതിരെ എസ്‌കെഎസ്എസ്എഫ് സമര പരിപാടികള്‍ നടത്തിയിരുന്നു. മഖ്ദൂമിന് സ്മാരകം നിര്‍മിക്കാമെന്ന് വിശ്വസിപ്പിച്ചാണ് വീട് പൊളിച്ച് മാറ്റിയത്.എന്നിട്ട് പാതി നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ ക്ലാസ് മുറികളു .—മഖ്ദൂമിന് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം നേരത്തേ എം ജി എസ് നാരായണന്‍ അടക്കമുളള ചരിത്രകാരന്മാരും ഉയര്‍ത്തിയിരുന്നു.
മഖ്ദൂമിന്റെ വീട് സംരക്ഷിച്ച് നിര്‍ത്തി അതിനെ ലൈബ്രററിയാക്കി മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. വീട് പൊളിച്ചതോടെ അതും ഇല്ലാതായി .—
Next Story

RELATED STORIES

Share it