Kollam Local

നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി സ്റ്റേ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു

പത്തനാപുരം: നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി പട്ടാഴി സ്റ്റേ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. അടുര്‍ സ്റ്റാന്‍ഡില്‍ നിന്നും രാത്രി ഒമ്പതിന് പട്ടാഴിയിലേക്കുണ്ടായിരുന്ന സര്‍വീസാണ് നിര്‍ത്തലാക്കിയത്. പട്ടാഴി മേഖലയിലുള്ളവര്‍ക്ക് പ്രധാന ആശ്രയമായിരുന്ന ബസ്സാണ് അധികൃതര്‍ നിര്‍ത്തലാക്കിയത്. കുറെ മാസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ പട്ടാഴി ജങ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടാഴി സ്‌റ്റേ ബസ് സര്‍വീസ് നിര്‍ത്തലാക്കിയത്. നാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന സര്‍വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും നാട്ടുകാര്‍ ആവശ്യവുമായി രംഗത്തെത്തിയത്. ചെളിക്കുഴി,കടുവാത്തോട് നിവാസികള്‍ക്കും ബസ് സര്‍വീസ് പ്രയോജന പ്രഥമായിരുന്നു. യാത്രാസൗകര്യം പരിതമായ പ്രദേശത്തേക്കുള്ള ബസ് സര്‍വീസ് നിലച്ചതോടെ മാസങ്ങളായി നാട്ടുകാര്‍ വളരെ ബുദ്ധിമുട്ടിലാണ്. സന്ധ്യകഴിഞ്ഞ് പത്തനാപുരം,ഏനാത്ത്,ഏഴംകുളംമുക്ക് എന്നിവിടങ്ങളിലിറങ്ങി ഓട്ടോയ്ക്ക് 100മുതല്‍ 150രൂപ വരെ നല്‍കി പട്ടാഴിയിലെത്തേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. രാവിലെ ആറിന് മടങ്ങിയിരുന്ന ബസ്സിലായിരുന്നു അടൂര്‍,പറക്കോട് ചന്തകളിലേക്ക് മേഖലയിലെ കര്‍ഷകര്‍ കാര്‍ഷികവിളകള്‍ എത്തിച്ചിരുന്നത്. ഇതിനായി ഇപ്പോള്‍ ജീപ്പ്, ഓട്ടോ എന്നിവയെ ആശ്രയിക്കേണ്ടി വരികയാണ്. പത്തനാപുരം ഡിപോയില്‍ നിന്നും എട്ടുമണിക്ക് ശേഷം പട്ടാഴിയിലേക്ക് ബസ്സില്ലാത്ത അവസ്ഥയാണ്. പട്ടാഴിയിലെത്തുന്ന സ്‌റ്റേ ബസ്സിലെ ജീവനക്കാര്‍ക്ക് രാത്രി തങ്ങുന്നതിനായി പട്ടാഴി പഞ്ചായത്ത് താമസ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞെങ്കിലും നടപ്പിലാക്കാത്തതാണ് പത്തനാപുരത്ത് നിന്നും ഉള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയത്. അടിയന്തരമായി ബസ് സര്‍വീസ് പുനരാരംഭിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് വിവധ സംഘടനകള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it