നിരോധനാജ്ഞ ലംഘിച്ച് ദാദ്രിയില്‍ മഹാപഞ്ചായത്ത്

ദാദ്രി (ഉത്തര്‍പ്രദേശ്): പോലിസ് ഉത്തരവ് മറികടന്ന് ബിജെപി, ശിവസേനാ നേതാക്കള്‍ ദാദ്രിയിലെ ബിഷാദാ ഗ്രാമത്തില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. വീട്ടില്‍ പശുമാംസം സൂക്ഷിച്ചെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യോഗം.
അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പശുമാംസം തന്നെയാണെന്ന ഫോറന്‍സിക് റിപോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘപരിവാരം മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പശുവിറച്ചി സൂക്ഷിച്ചതിന് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്ന് ദാദ്രിയിലെ സംഘപരിവാര നേതാക്കള്‍ ആവശ്യപ്പെട്ടു.
ബിജെപി നേതാവ് സഞ്ജയ് റാണയാണ് യോഗത്തിനു നേതൃത്വം നല്‍കിയത്. ഞങ്ങള്‍ 20 ദിവസം സമയം നല്‍കിയിട്ടും പോലിസ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും ഇവിടെ കൂടിയിരിക്കുന്നവരുടെ രോഷം നിയന്ത്രിക്കുന്നതില്‍ എനിക്ക് ഉറപ്പ് നല്‍കാനാവില്ലെന്നും യോഗത്തില്‍ സംസാരിക്കവേ റാണ പറഞ്ഞു.
ദാദ്രിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാവുമെന്നതിനാല്‍ പഞ്ചായത്തിന് അനുമതി നല്‍കില്ലെന്ന് പോലിസ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, പോലിസ് നിര്‍ദേശം തങ്ങള്‍ അനുസരിക്കില്ലെന്ന് റാണയും പ്രാദേശിക ഹിന്ദുത്വ പ്രവര്‍ത്തകരും അറിയിച്ചു. ക്രിമിനല്‍ നടപടി 144ാം വകുപ്പ് പ്രകാരം ഗൗതംബുദ് നഗര്‍ ജില്ലാമജിസ്‌ട്രേറ്റ് ദാദ്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ബിഷാദ ഗ്രാമത്തിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജില്ലാമജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it