palakkad local

നിരോധനം കാറ്റില്‍ പറത്തി പറകളത്തെ ഇഷ്ടിക നിര്‍മാണ കേന്ദ്രം സജീവം

എസ് സുധീഷ്

ചിറ്റൂര്‍: നിരോധനം കാറ്റില്‍ പറത്തി പാറകളത്തെ ഇഷ്ടിക നിര്‍മ്മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സജീവം. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ സെക്രട്ടറി, റവന്യൂ, ജിയോളജിക്കല്‍ വിഭാഗങ്ങള്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കല്‍പ്പിച്ച് ചിറ്റൂര്‍ പുഴയോടു ചേര്‍ന്ന് കിടക്കുന്ന പാറക്കളത്തില്‍ ഇഷ്ടിക നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സക്രിയം തുടരുകയാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയെടുത്ത് അന്യജില്ലക്കാരാണ് ഇഷ്ടിക നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ രാപ്പകലില്ലാതെ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്.
പുഴയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ഇഷ്ടികയ്ക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. ഇഷ്ടിക നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാപകമായതോടെ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും രാഷ്ട്രീയക്കാരുടെ സഹായത്തോടെയാണ് വീണ്ടും സജീവമായിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ യാതൊരു സൗകര്യവും ഏര്‍പ്പെടുത്താതിനാല്‍ ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത് പുഴയോരത്തായതിനാല്‍ വെള്ളം മലിനമാകുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു. ചിറ്റൂര്‍-തത്തമംഗലം നഗരസഭ കൂടാതെ അഞ്ച് പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സായി ചിറ്റൂര്‍ പുഴ കുടിവെള്ള പദ്ധതി ഇതിന് താഴെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇഷ്ടിക നിര്‍മാണത്തിനാവശ്യമായ വെള്ളം വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് പുഴയില്‍ നിന്ന് എടുക്കുന്നതും പ്രശ്‌നമുണ്ടാക്കുന്നത്. പുഴയോട് ചേര്‍ന്നുകിടക്കുന്ന കളിമണ്ണും ഇവര്‍ ഉപയോഗപ്പെടുത്തുന്നതായി പറയുന്നു. അതേസമയം എരുത്തേമ്പതി കൗണ്ടന്‍കളത്തില്‍ അനധികൃത കരമണല്‍ഖനനം വീണ്ടും സജീവമായി. പോലിസിനേയും ബന്ധപ്പെട്ട അധികൃതരേയും സ്വാധീനിച്ചാണിത്.
കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ തഹസില്‍ദാര്‍ സ്ഥലത്തെത്തി സ്‌റ്റോപ്പ് മെമ്മോ നല്‍കി ഖനനത്തിനായി ഉപയോഗിച്ച എസ്‌കവേറ്ററും പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഖനനം കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും സജീവമായതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ഒഴിവാക്കുന്നതിനായി കൊഴിഞ്ഞാമ്പാറ പോലിസിനേയും ബന്ധപ്പെട്ടവരേയും കാണേണ്ടപോലെ കണ്ടാണ് ഖനനം നടത്തുന്നതെന്നാണ് മാഫിയകളുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. പഞ്ചായത്ത് ഭരണ സ്വാധീനം മുതലെടുത്താണ് ഇവിടത്തെ ഖനനം. നാട്ടുകാരുടെ ശ്രദ്ധ കിട്ടാതിരിക്കാനായി രാത്രികാലങ്ങളില്‍ ഖനനം നടത്തി പുലര്‍ച്ചെ വാഹനങ്ങളില്‍ കയറ്റി വിടുകയാണ് പതിവ്. പ്രതിദിനം പത്തോളം വാഹനങ്ങള്‍ ഇവിടെ നിന്ന് മണല്‍ കയറ്റി പോവുന്നുണ്ടെന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് 30, 37 ഓളം അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ജില്ലാ കലക്ടറുടെ കര്‍ശന ഇടപെടല്‍ മൂലം നിര്‍ത്തിവെച്ചിരുന്നതാണ്. ഇതാണ് വീണ്ടും തലപൊക്കി തുടങ്ങിയിരിക്കുന്നത്.
ധാരാളം തെങ്ങിന്‍തോപ്പുകളും പറമ്പുകളുമുള്ള പ്രദേശത്ത് കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കാന്‍ കുഴിയെടുക്കുന്നതെന്ന വ്യാജേന വലിയ കുഴികളെടുത്താണ് മണല്‍ ഖനനം. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി ധാരളം ഫണ്ട് അനുവദിക്കുന്നുണ്ട്. നിര്‍മ്മാണത്തിന് ആവശ്യമായ മണല്‍ മാത്രം മുന്നില്‍കണ്ടാണ് അനധികൃത കരമണല്‍ഖനന കേന്ദ്രങ്ങള്‍ സജീവമാക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it