malappuram local

നിരാശയോടെ പുല്ലങ്കോട് എസ്‌റ്റേറ്റ് തൊഴിലാളികള്‍

കാളികാവ്: സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ പതിനേഴ് ദിവസമായി നടത്തി വന്ന സമരം പുല്ലങ്കോട് എസ്‌റ്റേറ്റിലും പിന്‍വലിച്ചു. സമരത്തിന്റെ ഭാഗമായി ട്രേഡ് യൂനിയന്‍ നേതാക്കളും സംസഥാന സര്‍ക്കാറും ചേര്‍ന്ന് തോട്ടം ഉടമകളുമായി ഉണ്ടാക്കിയ ഒത്ത് തീര്‍പ്പ് വ്യവസ്ഥകളില്‍ തൊഴിലാളികള്‍ക്ക് അതൃപ്തി. തോട്ടം ഉടമകള്‍ ദിവസങ്ങളോളം സര്‍ക്കാരിനേയും തൊഴിലാളിയൂനിയന്‍ നേതാക്കളേയും ബന്ധികളാക്കിയിരിക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളി യൂനിയനുകള്‍ക്ക് സംസ്ഥാന നേതൃത്യത്തിന്റെ തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയായി. റബ്ബര്‍ മേഖലിയില്‍ 381 രൂപയാണ് മിനിമം കൂലിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 317 ല്‍ നിന്നാണ് 381 രൂപയായി ഉയര്‍ന്നത്. തേയിലത്തോട്ടങ്ങളില്‍ 237 ല്‍ നിന്ന് 301 രൂപയായി ഉയര്‍ത്തി.

നാല് കിലോയുടെ കൊളുന്ത് അധികം നുള്ളണം എന്ന കുടില തന്ത്രവും ഇന്നലെ ചേര്‍ന്ന മാരത്തോണ്‍ പിഎല്‍സിയില്‍ തീരുമാനം എടുത്തു.500 രൂപ മിനിമം കൂലി ആവശ്യപ്പെട്ട് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരം സംസ്ഥാനത്താകെ പടരുകയായിരുന്നു. പിന്നീട് സമരം ട്രേഡ് യൂണിയനുകള്‍ കൂടി ഏറ്റെടുത്തതോടെ തോട്ടം മേഖല സ്ഥംഭിച്ചു. തോട്ടം തൊഴിലാളികളെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്ന് പുല്ലങ്കോട് എസ്‌റ്റേറ്റിലെ സിഐടിയു, എഐടിയുസി, പിഎല്‍സി, ഇഎസ്ഇയുഎസ്‌ഐ നേതാക്കള്‍ കുറ്റപ്പെടുത്തി. തേയില തോട്ടങ്ങളില്‍ ഉള്‍പ്പടെ തൊഴിലാളികളുടെ അധ്വാന ഭാരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ചെറുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് എടുത്ത തീരുമാനം മാത്രമാണ് ഇതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്ന് മുതല്‍ സംസ്ഥാന തലത്തില്‍ ട്രേഡ് യൂണിയനുകള്‍ സമരം  പിന്‍വലിച്ച സാഹചര്യത്തില്‍ പുല്ലങ്കോട് എസ്‌റ്റേറ്റിലും സമരം പിന്‍വലിക്കുന്നതായി എ സലീംബാബു, ഇകെ അമീന്‍, ഇകെ അബ്ദുല്‍ സലാം, വി രാധാകൃഷ്ണന്‍, എന്നീ നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it