thiruvananthapuram local

നിരത്തുകള്‍ നാറുന്നു; നഗരം മാലിന്യമുക്തമെന്ന വാദവുമായി കോര്‍പറേഷന്‍ രംഗത്ത്; പിഴ ഒടുക്കിയവരുടെ കണക്ക് കാണിച്ച് പുതിയ പ്രചാരണം

തിരുവനന്തപുരം: മാലിന്യം നിറഞ്ഞ് പൊതുനിരത്തുകളും ഒഴിഞ്ഞ പറമ്പുകളും നാറുമ്പോഴും തലസ്ഥാന നഗരം മാലിന്യമുക്തമെന്ന അവകാശവാദവുമായി കോര്‍പറേഷന്‍ രംഗത്ത്.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്നുകാട്ടി കണക്ക് പ്രസിദ്ധീകരിച്ചിരിക്കുകയാണ് കോര്‍പറേഷന്‍. കഴിഞ്ഞ ഭരണസമിതിയുടെ അവസാനം മുതല്‍ ഇതുവരെ നിരത്തില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ സ്വീകരിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയാണ് നഗരസഭയുടെ പുതിയ അവകാശവാദം.
നഗരമധ്യത്തില്‍ പോലും ടണ്‍കണക്കിനു മാലിന്യം കെട്ടിക്കിടക്കുമ്പോഴാണ് കണക്കുകളുമായി ഭരണസമിതി രംഗത്തുവന്നത്. കോര്‍പറേഷന്‍ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 329 പേരാണ് പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചതിന് പിടിയിലായത്. ഇവരില്‍ നിന്നായി 5,13,700 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
കോര്‍പറേഷന്‍ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ മാലിന്യം തള്ളിയവരെ പിടികൂടിയ കണക്കാണിത്. മുന്‍ ഭരണസമിതിയും പുതിയ ഭരണസമിതിയും പിടികൂടിയവരും ഇതില്‍പ്പെടും.
എന്നാല്‍, മാലിന്യം നീക്കം ചെയ്യാന്‍ എന്തൊക്കെ നടപടിയെടുത്തുവെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കുന്നില്ല. സ്റ്റാച്യൂ, ജഗതി, വഞ്ചിയൂര്‍, തമ്പാനൂര്‍ മോഡല്‍ സ്‌കൂള്‍ ജങ്ഷന്‍, പാളയം സാഫല്യം കോംപ്ലക്‌സിനു സമീപം തുടങ്ങി മിക്കയിടങ്ങളിലും പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ മാലിന്യങ്ങള്‍ കുന്നുകൂടി കിടപ്പുണ്ട്. നഗരവാസികള്‍ ഇക്കാര്യത്തില്‍ പൊറുതിമുട്ടുകയാണ്. ഇതിനു പുറമേയാണ് നഗരത്തെ വലയ്ക്കുന്ന പ്ലാസ്റ്റിക് കത്തിക്കലും.
പുതിയ ഭരണസമിതി അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യം അടക്കം പ്രതിസന്ധി സൃഷ്ടിച്ച വിഷയങ്ങള്‍ അതേപടി തുടരുകയാണ്. കിച്ചന്‍ ബിന്നും എയ്‌റോബിക് സംവിധാനങ്ങളും ഉണ്ടെന്നു പറയുമ്പോഴും എലി തിന്ന് അവ നശിപ്പിക്കുകയാണ്. പകരം സ്റ്റീല്‍ കിച്ചന്‍ ബിന്നുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കോര്‍പറേഷന്‍.
മാലിന്യ സംസ്‌കരണ കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് ഈ ഭരണസമിതി ഉറപ്പു നല്‍കിയത്. എന്നാല്‍, ഇറച്ചിമാലിന്യം തള്ളുന്നത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
കഴിഞ്ഞ ദിവസവും ബൈപാസില്‍ ഇറച്ചിമാലിന്യം കൊണ്ടിട്ടത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീട് കോര്‍പറേഷന്‍ സ്‌ക്വാഡുകള്‍ ഇറച്ചിമാലിന്യം തള്ളിയവരെ പിടികൂടി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോര്‍പറേഷന്‍ ബൈപാസ് ശുചീകരണം നടത്തിയിരുന്നു. ഇപ്പോള്‍ അതും നിലച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് വിചിത്രവാദവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it