Idukki local

നിയമ യുദ്ധത്തിനൊടുവില്‍ പെരുംതേനീച്ച കൂട്ടത്തെ തുരത്തി

തൊടുപുഴ: ആറു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പെരുംതേനിച്ചക്കൂട്ടത്തെ തുരത്തി. മുട്ടം നീലൂരിന് സമീപം പുറവിള കുര്യന്‍ ജോര്‍ജിന്റെ ഭൂമിയിലെ വെള്ളപശ മരത്തിലെ പെരുംതേനീച്ച കൂട്ടത്തെയാണ് തുരത്തിയത്.70 അടി ഉയരവും 120 ഇഞ്ച് വണ്ണവുമുള്ള മരത്തില്‍ 36 കൂട്ടം പെരുംതേനീച്ചകളാണ് ഉണ്ടായിരുന്നത്.
കുര്യന്‍ ജോര്‍ജ് പടവിലിന്റെ ഭൂമിയിലെ വെള്ളപ്പശമരത്തില്‍ കൂടുകൂട്ടിയ പെരുംതേനീച്ചക്കൂട്ടം ജീവന് ഭീഷണി ഉയര്‍ത്തുന്നതായുള്ള മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന്റെ പരാതിയെ തുടര്‍ന്നാണ് കലക്ടര്‍ ഉത്തരവിട്ടത്. 2010ല്‍ നല്‍കിയ പരാതിയുടെ പരിഹാരമാണ് ഇന്നലെ നടപ്പിലാക്കിയത്.എല്ലാവര്‍ഷവും ഈ മരത്തില്‍ പെരുംതേനീച്ച കൂടുകൂട്ടാറുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ സമീപവാസികള്‍ക്ക് പെരുംതേനീച്ചയുടെ ആക്രമത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.താല്‍ക്കാലിക പരിഹാരം മാത്രം കാണുകയാണുചെയ്തിരുന്നത്.മരം മുറിച്ച് മാറ്റണമെന്ന പ്രസിഡന്റിന്റേയും സമീപവാസികളുടേയും ആവശ്യത്തിനെതിരെ സ്ഥലയുടമ കോടതിയെ സമീപിച്ച് സ്‌റ്റേ ഓര്‍ഡര്‍ വാങ്ങി.തുടര്‍ന്ന് പുറവിള ഭാഗത്തെ വിദ്യാര്‍ഥികള്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ മുമ്പാകെയും കുട്ടിയമ്മ മൈക്കിള്‍,കലക്ടര്‍,ആര്‍ഡിഒ,തഹസില്‍ദാര്‍ എന്നിവര്‍ക്കും പരാതി നല്‍കി.ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005 പ്രകാരം ഉടമസ്ഥനോട് മരംമുറിച്ച് മാറ്റി അപകട ഭീഷണി പൂര്‍ണമായും ഒഴിവാക്കാന്‍ കലക്ടര്‍ ഉത്തരവ് നല്‍കി.എന്നാല്‍ ഉടമ ഉത്തരവ് നടപ്പിലാക്കിയില്ല
.തുടര്‍ന്നു ഉത്തരവ് നടപ്പിലാക്കാന്‍ കലക്ടര്‍ വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി.എസ്‌ഐയോട് വേണ്ട സംരക്ഷണം നല്‍കാനും ചെലവാകുന്ന പണം ഉടമയില്‍ നിന്ന് ഈടാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.മരത്തിന്റെ ശിഖിരം മുറിക്കാനായി 100 അടിയോളം ഉയരത്തില്‍ കയറിയ പൂയംകുട്ടി സ്വദേശി അനു ചന്ദ്രന് ശക്തമായ ചുഴലിരോഗം അനുഭവപെട്ടു.
കൂടെ മരത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ സമയോചിതമായി ഇടപെട്ട് ഇരുമ്പ് വാക്കത്തി കൈയ്യില്‍ പിടിപ്പിച്ച് ചുഴലി ശമിപ്പിക്കുകയായിരുന്നു.ശരീരം മരവുമായി കയറിനാല്‍ ബന്ധിപ്പിച്ചിരുന്നതിനാല്‍ അപകടം ഒഴിവായി.പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി കയര്‍ത്തൊട്ടിലില്‍ ഇരുത്തി ചന്ദ്രനെ താഴെയിറക്കി.
Next Story

RELATED STORIES

Share it