നിയമസഭ പിടിക്കാന്‍ സ്വതന്ത്ര തന്ത്രവുമായി സിപിഎം

എടപ്പാള്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കാന്‍ സ്വതന്ത്രരെ മല്‍സരിപ്പിക്കുകയെന്ന തന്ത്രവുമായി സിപിഎം കരുനീക്കം തുടങ്ങി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ സിനിമാതാരം ഇന്നസെന്റിനു ലഭിച്ച അംഗീകാരം മുന്‍നിര്‍ത്തി നിയമസഭയിലെ പത്ത് കേന്ദ്രങ്ങളില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായവരെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പട്ടികജാതി സംവരണ മണ്ഡലത്തില്‍ സിനിമാതാരം കലാഭവന്‍ മണിയേയും പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണനെയും കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരില്‍ സിനിമാതാരം ശ്രീനിവാസനെയും മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. കലാഭവന്‍ മണി വര്‍ഷങ്ങളായി സിപിഎം അംഗവും പാര്‍ട്ടിയുടെ സഹയാത്രികനുമാണ്. നിലവിലെ വണ്ടൂരിന്റെ എംഎല്‍എയായ എ പി അനില്‍കുമാറിനെ കലാഭവന്‍ മണിയുടെ സ്ഥാനാര്‍ഥിത്വംകൊണ്ട് പരാജയപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. ആലങ്കോട് ലീലാകൃഷ്ണന്‍ അറിയപ്പെടുന്ന സാഹിത്യകാരനും സിപിഎം സംസ്ഥാന നേതാക്കളുമായി വലിയ ബന്ധമുള്ള വ്യക്തിയാണ്. ലീലാകൃഷ്ണന്റെ ജന്മസ്ഥലത്തോടു ചേര്‍ന്നുകിടക്കുന്ന തൃത്താല മണ്ഡലത്തില്‍നിന്നും അദ്ദേഹത്തിന് നിഷ്പ്രയാസം വിജയിക്കാനാവുമെന്നാണ് സിപിഎം വിലയിരുത്തല്‍.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലം നിലവില്‍ മന്ത്രി കെ സി ജോസഫാണ് പ്രതിനിധീകരിക്കുന്നത്. കുടിയേറ്റ കര്‍ഷകരുടെ മേഖലയായ ഇരിക്കൂരില്‍ കാര്‍ഷിക രംഗത്തും പ്രത്യേകിച്ച് ജൈവകാര്‍ഷിക മേഖലയില്‍ തന്റെ പാടവം തെളിയിച്ച നല്ലൊരു കര്‍ഷകനായ നടന്‍ ശ്രീനിവാസനെ മല്‍സരിപ്പിച്ചാല്‍ രാഷ്ട്രീയത്തിനുപരിയായി അദ്ദേഹത്തിനു ജനകീയ പിന്തുണ ലഭിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. അതേസമയം, കഴിഞ്ഞ തവണ തവനൂര്‍ മണ്ഡലത്തില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച കെ ടി ജലീലിന് ഇത്തവണ തവനൂര്‍ മല്‍സരിക്കാന്‍ കൊടുക്കരുതെന്ന ആവശ്യം പാര്‍ട്ടി ഏരിയാ കമ്മിറ്റിയില്‍നിന്നും ഉയര്‍ന്നുവെന്നാണറിയുന്നത്.
തവനൂര്‍ മണ്ഡലത്തില്‍ ജലീലിനു പകരം പാര്‍ട്ടി നേതാവിനെ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി ഏരിയാ നേതാക്കള്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, ജലീല്‍ ഈ തിരഞ്ഞെടുപ്പിലും തവനൂരില്‍ തന്നെ മല്‍സരിക്കുമെന്നാണ് കെ ടി ജലീലുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. സിപിഎം പിബി അംഗം പിണറായി വിജയനുമായുള്ള അടുത്ത ബന്ധം ജലീലിന്റെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it