നിയമസഭ തിരഞ്ഞെടുപ്പ്: തന്ത്രങ്ങള്‍ മെനഞ്ഞ് സിപിഎം; പട്ടികജാതി വിഭാഗത്തിലെ സ്വീകാര്യത പരിശോധിക്കും

തിരുവനന്തപുരം: പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനയില്‍പ്പെട്ട പട്ടികജാതി ക്ഷേമസമിതിയുടെ സ്വീകാര്യത പരിശോധിക്കുന്നതിന് സിപിഎമ്മിന്റെ നീക്കം. പട്ടികജാതി കോളനികളില്‍ സംഘടനയ്ക്കും നേതാക്കള്‍ക്കും എത്രമാത്രം സ്വീകാര്യതയുണ്ടെന്നു പരിശോധിക്കണമെന്നാണ് സംസ്ഥാന സമിതി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ സ്വീകാര്യത പരിശോധിക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള ശിഥിലീകരണ പ്രവര്‍ത്തനങ്ങളും ബോധപൂര്‍വം സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പട്ടികജാതി ക്ഷേമസമിതി രൂപീകരിച്ച് ഈ വിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, പട്ടികജാതി കോളനികളില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും സ്വീകാര്യത കുറഞ്ഞുവരുന്നതായുള്ള ആശങ്കയാണ് പരിശോധന നടത്തുന്നതിലേക്ക് നേതൃത്വത്തെ നയിച്ചത്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കോളനികളില്‍ പാര്‍ട്ടിക്ക് വോട്ടുകുറഞ്ഞെന്നും നേതൃത്വം വിലയിരുത്തുന്നു. കോളനിയുമായി ബന്ധപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തനങ്ങളെല്ലാം കോളനി നിവാസികളിലൂടെ തന്നെ സംഘടിപ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ കോളനിയിലും മുഴുവന്‍ സമയ പ്രവര്‍ത്തകനെ കണ്ടെത്തണം. ഇവര്‍ക്ക് അലവന്‍സ് നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോളനികളിലെ യുവാക്കളെ സംഘടിപ്പിച്ച് വികസന ഗ്രൂപ്പുകള്‍ രൂപീകരിക്കണം. ഓരോ കോളനിയിലെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനപ്രതിനിധികളെ ഇടപെടുവിക്കണമെന്നും നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫെബ്രുവരി മാസത്തോടെ പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
Next Story

RELATED STORIES

Share it