Kottayam Local

നിയമസഭ തിരഞ്ഞെടുപ്പ് : ജാഥ നടത്തുന്ന സമയവും സ്ഥലവും അറിയിക്കണം

കോട്ടയം: ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുളള സമയവും സ്ഥലവും പോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ അറിയിച്ചു.സാധാരണഗതിയില്‍ ഈ പരിപാടിയില്‍ മാറ്റം വരുത്താന്‍ പാടില്ല.
ആവശ്യമായ ഏര്‍പ്പാടുകള്‍ ഉണ്ടാക്കുന്നതിന് പോലിസ് അധികാരികള്‍ക്ക് സാധിക്കത്തക്കവണ്ണം പരിപാടിയെപ്പറ്റി പോലിസ് അധികാരികളെ സംഘാടകര്‍ മുന്‍കൂട്ടി വിവരം അറിയിക്കണം. ജാഥ പോകേണ്ട പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോ എന്ന് സംഘാടകര്‍ അന്വേഷണം നടത്തേണ്ടതും തക്ക അധികാരസ്ഥന്‍ പ്രത്യേകിച്ച് ഒഴിവാക്കാത്തപക്ഷം നിരോധനങ്ങള്‍ പാലിക്കണം. ഗതാഗതത്തിന് തടസം ഉണ്ടാവാതിരിക്കത്തക്കവണ്ണം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി എടുക്കണം. ജാഥ വളരെ നീണ്ടതാണെങ്കില്‍ സൗകര്യപ്രദമായ ഇടവേളകളില്‍ പ്രത്യേകിച്ച് ജാഥ റോഡ് ജങ്ഷനുകള്‍ കടന്നുപോകേണ്ട പോയിന്റുകളില്‍ തടസ്സപ്പെട്ട ഗതാഗതം ഘട്ടംഘട്ടമായി പോവാന്‍ അനുവദിക്കാനും അങ്ങനെ തിരക്കേറിയ ഗതാഗത സ്തംഭനം ഒഴിവാക്കാനും വേണ്ടി യോജിച്ച ദൈര്‍ഘ്യത്തില്‍ ഭാഗങ്ങളായി സംഘടിപ്പിക്കണം.
ജാഥകള്‍ കഴിയുന്നിടത്തോളം റോഡിന്റെ വലതുവശത്തു വരത്തക്കവണ്ണം ക്രമപ്പെടുത്തേണ്ടതും പോലിസിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കേണ്ടതുമാണ്. രാണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏകദേശം ഒരേ സമയത്തുത്തന്നെ ഒരേ വഴിയില്‍ക്കൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സംഘാടകര്‍ കാലേകൂട്ടി പരസ്പരം ബന്ധപ്പെടേണ്ടതും ജാഥകള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗതം തടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുള്ള അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്നതിനായി ഉദ്ദേശിക്കുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതിനും പരസ്യമായി അങ്ങനെയുളള കോലങ്ങള്‍ കത്തിക്കുന്നതും അങ്ങനെയുള്ള മറ്റു പ്രകടനങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.
Next Story

RELATED STORIES

Share it