ernakulam local

നിയമസഭ തിരഞ്ഞെടുപ്പ്: ക്രമസമാധാന പാലനത്തിനായി വൈപ്പിനില്‍ കേന്ദ്രസേന എത്തി

വൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനത്തിനായി 100 പേരടങ്ങുന്ന കേന്ദ്രസേന സ്ഥലത്തെത്തി.
സേനയുടെ സാന്നിധ്യമറിയിക്കാന്‍ നിയോജകമണ്ഡലത്തിലെ ചെറായി ദേവസ്വംനട, പള്ളിപ്പുറം ജനത, ചെറായി ബീച്ച് എന്നിവിടങ്ങളില്‍ ഇന്ന് റൂട്ട് മാര്‍ച്ചും നടത്തും. തുടര്‍ന്ന് ഇവരെ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിലായി വ്യന്യസിപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമോ, മദ്യമോ, ആയുധമോ കടത്തുന്നത് തടയാനുള്ള വാഹന പരിശോധന മറ്റു ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉള്ള മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇവരെ വ്യന്യസിപ്പിക്കുകയെന്ന് മണ്ഡലത്തിലെ ക്രമസമാധാനത്തിന്റെ മുഖ്യ ചുമതലക്കാരനായ ഞാറക്കല്‍ സിഐ സി ആര്‍ രാജു അറിയിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനത്തില്‍ ചെറായി മേഖലയില്‍ ഒരു വായനശാലയും പാര്‍ട്ടി ഓഫിസും തീ കത്തി നശിക്കാനുണ്ടായ സാഹചര്യത്തില്‍ ഈ മേഖലയില്‍ പോലിസ് സാന്നിധ്യം ശക്തമായിരിക്കും.
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ മൊത്തം എട്ട് പ്രശ്‌നബാധിത ബൂത്തുകള്‍ ഉണ്ടെന്നാണ് പോലിസ് റിപോര്‍ട്ട്. ഇതില്‍ ആറെണ്ണം മുനമ്പം പോലിസ് സ്റ്റേഷനതിര്‍ത്തിയിലും ബാക്കി രണ്ടെണ്ണം ഞാറക്കല്‍ പോലിസ് സ്റ്റേഷനതിര്‍ത്തിയിലുമാണ്.
തിരഞ്ഞെടുപ്പു ദിവസം ഈ ബൂത്തുകളിലും പരിസരങ്ങളിലും മെഷീന്‍ഗണ്‍ ഏന്തിയ കേന്ദ്ര സേനയെ പ്രത്യേകമായി വിന്യസിക്കും. നിയമലംഘനങ്ങളോ, ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടായാല്‍ കര്‍ശനമായി നേരിടും. പൊതുജനങ്ങള്‍ക്ക് നിര്‍ഭയവും അസൗകര്യങ്ങളുമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പോലിസിനു ലഭിച്ചിട്ടുള്ള നിര്‍ദേശം.
Next Story

RELATED STORIES

Share it