നിയമസഭാ സെക്രട്ടേറിയറ്റിനെ ജനങ്ങളുമായി അടുപ്പിക്കും: സ്പീക്കര്‍

തിരുവനന്തപുരം: കേരള നിയമനിര്‍മാണസഭ നടത്തുന്ന പാര്‍ലമെന്ററി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടാം ബാച്ചിന്റെ ഫലം പ്രഖ്യാപിച്ചു. നിയമസഭയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ 78ല്‍ 70 പേര്‍ വിജയിച്ചു. 89.74 ശതമാനമാണ് വിജയം. 400ല്‍ 324 മാര്‍ക്കു നേടി ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശി അജി എസ് നായര്‍ ഒന്നാം റാങ്ക് സ്വന്തമാക്കി. തിരുവനന്തപുരം മരിയാപുരം സ്വദേശി സി സി സജിത് (319 മാര്‍ക്ക്), കൊച്ചി എടപ്പള്ളി നോര്‍ത്തില്‍ വി എ നസീര്‍ (311 മാര്‍ക്ക്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്ക് നേടി. 50 പേര്‍ 60 ശതമാനവും അതിനു മുകളിലും മാര്‍ക്ക് നേടി.
മുന്‍ ബാച്ചിലെ പഠിതാക്കളില്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയ 15 പഠിതാക്കളില്‍ 11 പേരും വിജയിച്ചു. പരീക്ഷാഫലം നിയമസഭവെബ്‌സൈറ്റില്‍ (www. niyama sabha.org) ലഭിക്കും.
നിയമസഭാ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ജനകീയമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സഭാ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്തിട്ടില്ല. നിയമരൂപീകരണം, സാമാജികര്‍ക്കുള്ള പങ്ക് എന്നീകാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനെ ഇന്‍സ്റ്റിറ്റിയൂട്ട് സംവിധാനത്തിലേക്ക് വളര്‍ത്തിയെടുക്കാനാണ് ശ്രമം.
നിയമസഭാസമ്മേളനത്തിന് മുമ്പ് സാമാജികര്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ് നടത്തും. 16, 17 തിയ്യതികളില്‍ നടക്കുന്ന ക്ലാസിന് ദീര്‍ഘകാലം നിയമസഭയില്‍ അംഗമായവര്‍ ഉള്‍െപ്പടെയുള്ളവര്‍ നേതൃത്വം നല്‍കും. 16ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
നിയമസഭാ ചട്ടങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കാന്‍ സാമാജികര്‍ക്ക് അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. ഇത്തവണ സാമാജികരില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ വന്ന സാഹചര്യത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.
2014ല്‍ മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മുന്‍കൈയെടുത്താണ് പാര്‍ലമെന്ററി പഠനത്തിന് ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചത്. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പഠിതാക്കളായെത്തി. പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഈ മാസം 30 വരെ അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. പ്രായപരിധിയില്ല. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ക്ക് 0471- 2512662, 2512453, 9496551719 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it